ചർച്ച് ഓഫ് ഇംഗ്ലണ്ട് അസ്തിത്വ ഭീഷണി നേരിടുമ്പോൾ, ഭാവിയെ കുറിച്ചുള്ള ആശങ്കകളും വർദ്ധിക്കുകയാണ്. പള്ളികളിൽ പ്രാർത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ചെംസ്ഫഡ് ബിഷപ്പ് ആയ ഗലി ഫ്രാൻസിസ് - ദെഹ്ഖാനിയാണ് ഈ ആശങ്ക ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. രണ്ട് വർഷം മുൻപ്, കോവിഡ് കാലത്തിന് ശേഷം വിശ്വാസികൾ പ്രതിവാര ചടങ്ങുകൾക്കായി പള്ളികളിൽ എത്താൻ തുടങ്ങിയപ്പോൾ പക്ഷെ സഭയ്ക്ക് ഏറെ ആഹ്‌ളാദിക്കാൻ വകയുണ്ടായില്ല. 2019, ൽ കോവിഡ് പൂർവ്വകാലത്ത് എത്തിയിരുന്ന അത്രയും വിശ്വാസികളെങ്കിലും എത്തിയാൽ മതിയായിരുന്നു എന്നായിരുന്നു സഭ അധികൃതർ ആഗ്രഹിച്ചത്.
-------------------aud--------------------------------
കോവിഡ് പൂർവ്വകാലത്ത് വിവിധ പള്ളികളിലായി എല്ലാ ആഴ്ചയിലും ഏകദേശം 8,54,000 വിശ്വാസികൾ കുർബാനയ്ക്കും മറ്റുമായി എത്താറുണ്ടായിരുന്നെങ്കിൽ 2023 ൽ അത് 6,85,000 ആയി കുറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രതിവാര അനുഷ്ഠാനങ്ങൾക്കായി എത്താറുണ്ടായിരുന്ന 1,69,000 വിശ്വാസികൾ അപ്രത്യക്ഷരായി. ഇന്ന്, മോസ്‌കുകളിൽ പോകുന്നവരേക്കാൾ, അല്ലെങ്കിൽ കത്തോലിക്ക പള്ളികളിൽ പോകുന്ന വിശ്വാസികളെക്കാൾ കുറവാണ് ആംഗ്ലിക്കൻ സഭയുടെ പള്ളികളിൽ പോകുന്നവരുടെ എണ്ണം.
വളർച്ചക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് നിർത്തിവെച്ച് ദൈവത്തോട് പ്രാർത്ഥിക്കുവാനാണ് ഇപ്പോൾ ബിഷപ്പുമാർ സഭ അധികൃതരോട് പറയുന്നത്. അത്രയും ഭയങ്കരമാണ് പള്ളികളിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള കുറവ്. ഇത്രയധികം കുറവ് എങ്ങനെയുണ്ടാകുന്നു എന്നതാണ് സഭ അധികൃതരെ വലയ്ക്കുന്ന ചോദ്യം. ഉപയോഗിക്കാതെ കാടുകയറി കിടക്കുന്ന പള്ളികലുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇംഗ്ലണ്ടിലെ മൊത്തം 16,000 പള്ളികളിൽ 12,500 പള്ളികൾ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിലുള്ള ഇവയുടെ പകുതി പള്ളികൾക്ക് ഗ്രേഡ് വൺ സ്റ്റാറ്റസുമുണ്ട്. അതായത്, ഇവയ്ക്ക് ചരിത്രത്തിൽ ഉള്ള പ്രാധാന്യം വളരെ കൂടുതലാണെന്നർത്ഥം.
ഏറ്റവും പുതിയ കണക്കനുസരിച്ച് 3000 മുതൽ 5000 വരെ പാരിഷ് പള്ളികൾ അടച്ചുപൂട്ടുകയോ, വല്ലപ്പോഴും മാത്രം ഉപയോഗിക്കുകയോ അതല്ലെങ്കിൽ സ്വന്തമായി ഒരു വികാരി ഇല്ലാത്തവയോ ആണ്. അതേസമയം, ഈ പള്ളികൾ എല്ലാം തന്നെ അറ്റകുറ്റപണികൾ നടത്തി പരിപാലിക്കാൻ ഏകദേശം 1 ബില്യൻ പൗണ്ട് ചെലവും വരുന്നുണ്ട്. ഇത് സഭയ്ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. ഇത്തരം അടച്ചുപൂട്ടപ്പെട്ട പള്ളികൾ പ്രാദേശിക കൗൺസിലുകളെ ഏൽപ്പിക്കണമെന്നും, അവ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കണം എന്നുമുള്ള ആവശ്യങ്ങൾ ഉയരുന്നുണ്ട്.
© Copyright 2024. All Rights Reserved