കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാൽ ആരും കൊല്ലാൻ വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു . ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന് മന്ത്രിയുടെ പ്രസ്താവന വന്നതിനുപിന്നാലെ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു. സിപിഎം പോലും അദ്ദേഹത്തിന് എതിരായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഗണേഷ് കുമാറിൻറെ ഇപ്പോഴത്തെ പ്രതികരണം.
‘ഞാൻ ആരെയും ദ്രോഹിക്കാറില്ല. പക്ഷേ, ചില ആളുകൾക്ക് എന്നെ ഉപദ്രവിക്കാനുള്ള ഉദ്ദേശ്യമുണ്ട്. എനിക്കതിൽ യാതൊരു വിരോധവുമില്ല. എന്തിനാണ് അവർ എന്നെ ദ്രോഹിക്കുന്നതെന്ന് അറിയില്ല. സത്യം മാത്രമേ പറയാറുള്ളൂ. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയും’- ഗണേഷ് കുമാർ പറഞ്ഞു. ഇലക്ട്രിക് ബസ് വിവാദത്തിന് ശേഷം ആദ്യമായാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
© Copyright 2025. All Rights Reserved