കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി. ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം കോൺഗ്രസ് വിട്ട് കാവിയണിഞ്ഞത്. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ബിജെപി വിട്ടത്. അദ്ദേഹം ബിജെപിയിലായിരിക്കുമ്പോൾ പ്രതിനിധീകരിച്ച ഹുബ്ലി-ധാർവാഡ് സെൻട്രൽ അസംബ്ലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് മത്സരിക്കുകയായിരുന്നു. കർണാടകയിൽ രാഷ്ട്രീയ സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിൽപ്പെട്ട നേതാവാണ് ഷെട്ടാർ.
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ ബിഎസ് യെദ്യൂരപ്പ, അദ്ദേഹത്തിന്റെ മകനും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് 67 കാരനായ ഷെട്ടാർ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന വിശ്വാസത്തോടെയാണ് താൻ വീണ്ടും പാർട്ടിയിൽ തിരിച്ചെത്തിയതെന്ന് ഷെട്ടാർ പറഞ്ഞു.
'പാർട്ടി എനിക്ക് മുൻകാലങ്ങളിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ തന്നു. ചില പ്രശ്നങ്ങൾ കാരണം ഞാൻ കോൺഗ്രസിലേക്ക് പോയി. കഴിഞ്ഞ എട്ട് ഒമ്പത് മാസമായി ഒരുപാട് ചർച്ചകൾ നടന്നു. ബിജെപി പ്രവർത്തകർ എന്നോട് ബിജെപിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. യെദ്യൂരപ്പ ജിയും വിജയേന്ദ്ര ജിയും പോലും ഞാൻ ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു. നരേന്ദ്രമോദി ജി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകണം എന്ന വിശ്വാസത്തോടെയാണ് ഞാൻ പാർട്ടിയിൽ വീണ്ടും ചേരുന്നത്.', അദ്ദേഹം പറഞ്ഞു. പരിപാടിക്ക് ശേഷം അദ്ദേഹം ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയത് പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെ സഖ്യകക്ഷികളായ ടി.എം.സി.യുടെയും എ.എ.പി.യുടെയും ഇരട്ട പ്രഹരങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കോൺഗ്രസിന് ഒരു പുതിയ ഞെട്ടലായി. സീറ്റ് വിഭജന ചർച്ചയിലെ പ്രശ്നങ്ങളെ തുടർന്ന് ഇരു പാർട്ടികളും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാളിലും പഞ്ചാബിലും കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
© Copyright 2025. All Rights Reserved