രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് ക്നാനായ വനിതകള്‍ പുതുമയാര്‍ന്ന ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. യു.കെയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു ദിവസം മാറ്റിവച്ച് വനിതകള്‍ക്ക് ഒത്തു ചേരാനും സൗഹൃദം പങ്കുവെക്കുന്നതിനും കഴിയും വിധമാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. യു.കെ.കെ.സി.എയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും വനിതകള്‍പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ക്നാനായ വനിതകളുടെ പരമ്പരാഗത വേഷമായ അടുക്കിട്ട മുണ്ടും ചട്ടയും കവിണിയും ധരിച്ച് കാതില്‍ കുണുക്കും അണിഞ്ഞായിരിക്കും വനിതകള്‍ പരിപാടികയില്‍ പങ്കെടുക്കുക.പുരാതനപ്പാട്ടുകളും മാര്‍ഗം കളിയും പരിപാടിക്ക് മാറ്റ് കൂട്ടും. ഉച്ചക്ക് ക്നാനായക്കാരുടെ പരമ്പരാഗത ഭക്ഷണമായ പിടിയും കോഴിയും വിളമ്പി ഭക്ഷണത്തിലും ക്നാനായ തനിമ പുലര്‍ത്തും. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബൈബിള്‍ ക്വിസിന് ശേഷം വനിതാ ഫോറം ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ പ്രോഗ്രാമാണിത്. യു.കെ.യിലെ ക്നാനായ കൂട്ടായ്മയില്‍ നിന്ന് ഈ വര്‍ഷം വിവാഹിതരാകുന്ന പുതുമണവാട്ടിമാരെ അഭിനന്ദിക്കുകയും അവരെ പ്രതീകാത്മകമായി മൈലാഞ്ചി ഇടീക്കുകയും ചെയ്യുന്ന മണവാട്ടികള്‍ക്ക് ഒരു മൈലാഞ്ചി എന്ന ചടങ്ങും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും. യു.കെ.കെ.സി.എ യുടെ സഹകരണത്തോടെയാണ് ഈ ചടങ്ങ് നടത്തുന്നത്.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ക്നാനായ പുതുമണവാട്ടിമാരെ അതിനായി ഒരുക്കുന്നതിനും ക്‌നാനായ വിവാഹ ആചാരങ്ങളുടെ പവിത്രതയും വിശുദ്ധിയും പുതു തലമുറക്ക് വിശദീകരിച്ച് കൊടുത്തുകൊണ്ടായിരിക്കും മൈലാഞ്ചി ഇടീല്‍ പ്രതീകാത്മകമായി നടത്തുക. യു.കെ.യില്‍ നിന്ന് ഒമ്പതു ക്നാനായ യുവതികളാണ് വിവാഹിതരാകാന്‍ പോകുന്നത്. അവര്‍ ഒമ്പതുപേരേയും ചടങ്ങിലേക്ക് ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ക്നാനായക്കാരുടെ വിശ്വാസവും സംസ്‌കാരവും സമന്വയിക്കുന്നതാണ് ക്നാനായ വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുള്‍. ആത്മീയത ഉള്‍ക്കൊള്ളുന്നതും എന്നാല്‍ ആഘോഷങ്ങള്‍കൊണ്ട് നിറഞ്ഞതുമാണ് ഈ ചടങ്ങുകള്‍.പരിപാടിയുടെ വിജയത്തിന് വേണ്ടി വിമന്‍സ് ഫോറം പ്രസിഡന്റ് ടെസി ബെന്നി, വൈസ് പ്രസിഡന്റ് മിനു തോമസ്, സെക്രട്ടറി ലീനുമോള്‍ ചാക്കോ, ട്രഷറര്‍ മോളമ്മ ചെറിയാന്‍, ജോയിന്റ് സെക്രട്ടറി മിനി ബെന്നി, ജോയിന്റ് ട്രഷറര്‍ ജെസി ബൈജു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയിലേയും നാഷണല്‍ കമ്മിറ്റിയിലെയും അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
© Copyright 2024. All Rights Reserved