ടി20 ലോകകപ്പ്: ഇതാണ് നായകൻ! ഒറ്റയ്‌ക്കൊരു ടീമായി ബ്രൂക്ക്, പാക്കിസ്ഥാനെ തീർത്ത ഇന്നിങ്സ്

25/02/26

പാക്കിസ്ഥാനെതിരായ സൂപ്പർ എട്ട് മത്സരത്തിന് മുൻപ് ഇംഗ്ലണ്ടിന്റെ മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലം ഒരു തീരുമാനമെടുത്തു. ഹാരി ബ്രൂക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ടൂർണമെന്റിലിതുവരെ ടോപ് ത്രീയില്‍ ബ്രൂക്ക് പ്രത്യക്ഷപ്പെട്ടിട്ടില്ലർ. ബാസിന്റെ മാസ്റ്റർപ്ലാന് പിന്നില്‍ പലെക്കലയിലെ വിക്കറ്റും സല്‍മാൻ അലി അഗയുടെ സ്പിൻ ആയുധശേഖരവും.

പാക്കിസ്ഥാൻ ഉയർത്തിയത് ഒരു റണ്‍മല ആയിരുന്നോ. പ്രത്യക്ഷത്തില്‍ ആ അക്കങ്ങള്‍ക്ക് വലുപ്പം കുറവായിരുന്നിരിക്കാം. പക്ഷേ അതിന്റെ ഫലം വിപരീതവും. ലങ്കൻ മൈതാനത്ത് വിജയലക്ഷ്യം ബ്രൂക്ക് പിന്തുടരാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറും 10 മിനുറ്റും പിന്നിടുകയാണ്. ഷഹീൻ അഫ്രിദിയുടെ ഫുള്‍ ലെങ്ത് പന്ത് ചുവട് മാറി മിഡ് ഓഫിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് തിരിച്ചുവിടുന്നു.

കമന്ററി ബോക്‌സില്‍ നിന്ന് മുൻ ഇംഗ്ലണ്ട് താരം നാസ‍ര്‍ ഹുസൈന്റെ ശബ്ദം ഉയര്‍ന്നു. A Harry Brook Special. A hundred in Pallekale for the England Captain and he is taking his side to a World Cup Semi Final. നാസർ ഹുസൈന്റെ സമീപത്ത് നിരാശ നിഴലിച്ച മുഖവുമായി പാക് ഇതിഹാസങ്ങളായ വസിം അക്രവും രമീസ് രാജയുമുണ്ടായിരുന്നു. പടയാളികളെല്ലാം വീണുപോയിട്ടും പൊരുതിക്കയറിയ പടനായകന്റെ പരിവേഷമായിരുന്നു ബ്രൂക്കിന് അപ്പോള്‍. പാക്കിസ്ഥാനെ അക്ഷരാർത്ഥത്തില്‍ ഒറ്റയ്ക്ക് കീഴടക്കുകയായിരുന്നു ഇംഗ്ലണ്ട് നായകൻ.

ഷഹീൻ അഫ്രിദിയുടെ അസാധ്യ സ്പെല്ലില്‍ വിറങ്ങലിച്ച ഇംഗ്ലണ്ട് ബാറ്റിങ് നിര. ഫില്‍ സാള്‍ട്ടിന്റെ മടക്കത്തില്‍ രണ്ടാം പന്തില്‍ തന്നെ ബ്രൂക്കിന് ക്രീസിലെത്തേണ്ടി വന്നു. മറുവശത്ത് തന്റെ കരിയറിലെ ഏറ്റവും മോശം ഫോമില്‍ തുടരുന്ന ജോസ് ബട്ട്‌ലർ. അഫ്രിദിയുടെ മൂന്ന് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സാള്‍ട്ട് ‌മാത്രമല്ല, ബട്ട്‌ലറും ബെഥലും ഡ്രെസിങ് റൂമിലെത്തി. വിൻ പ്രെഡിക്‌റ്ററില്‍ പൊടുന്നനെ പാക്കിസ്ഥാന്റെ വിജയസാധ്യതകള്‍ 70 ശതമാനത്തിലേക്ക് ഉയര്‍ന്നു.

ഉസ്മാൻ താരിഖും മുഹമ്മദ് നവാസും ഷദാബ് ഖാനും അതുവരെ പന്ത് എടുത്തിട്ടില്ലെന്നും ഓര്‍ക്കണം. പവര്‍പ്ലേയിലെ അവസാന ഓവറിനായി നവാസ്. മൂന്നാം പന്ത് ഫൈൻ ലെഗിലൂടെ, പിന്നാലെ ക്രീസുവിട്ടിറങ്ങി കവറിലൂടെ, ഓവര്‍ സമാപിച്ചത് ലോങ് ഓണിനപ്പുറം ചെന്ന് പന്ത് പതിച്ചാണ്, സിക്‌സ്. 16 റണ്‍സായിരുന്നു ഒറ്റ ഓവറില്‍ ബ്രൂക്ക് സ്കോർ ചെയ്തത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 53, ബ്രൂക്ക് 20 പന്തില്‍ 41 റണ്‍സ്.

റണ്ണൊഴുക്കിന് തടയിട്ട് ഉസ്മാൻ താരിഖിന്റെ പന്ത് ടോം ബാറ്റണെ ഉസ്മാൻ ഖാന്റെ കൈകളിലെത്തിച്ചു. ടോപ് ഫൈവിലെ ബ്രൂക്ക് ഒഴികെയുള്ള നാല് ബാറ്റർമാര്‍ നേടിയത് 12 റണ്‍സ് മാത്രം. മത്സരം ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലായിരുന്നില്ല, ബ്രൂക്കും പാക്കിസ്ഥാനും തമ്മിലായിരുന്നു. പവർപ്ലേയ്ക്ക് ശേഷം പാക്ക് ബൗളിങ് നിര പിടിമുറുക്കിയപ്പോള്‍ ബ്രൂക്ക് ക്ഷമ പാലിച്ചു. പക്ഷേ, നാല് ഓവര്‍ മാത്രമായിരുന്നു ആ ക്ഷമയുടെ ആയുസ്.

ഷദാബ് എറിഞ്ഞ 11 ഓവറില്‍ ബ്രൂക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്തു. ഓവറിലെ അഞ്ചാം പന്ത് ചെന്ന് പതിക്കുന്നത് സൈറ്റ് സ്ക്രീനും താണ്ടി 96 മീറ്റ‍ര്‍ അകലെയാണ്. രണ്ട് ഫോ‍റും ഒരു സിക്‌സും ഷദാബ് വഴങ്ങിയപ്പോള്‍ 17 റണ്‍സ് ഒറ്റ ഓവറില്‍ സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടു. പാക്കിസ്ഥാൻ സ്പിന്നര്‍മാര ക്രാക്ക് ചെയ്യാൻ കൃത്യമായ പ്ലാൻ ബ്രൂക്കിന്റെ കൈവശമുണ്ടായിരുന്നു. ക്രീസുവിട്ടിറങ്ങി ലെങ്തില്‍ വേരിയേഷൻ വരുത്താൻ ബ്രൂക്ക് സ്പിന്നര്‍മാര്‍ നിര്‍ബന്ധിതമാക്കി, സ്റ്റമ്പ് ലൈൻ പന്തുകളെ സ്വീപ്പ് ഷോട്ടുകളിലൂടെ കൗണ്ട‍ര്‍ അറ്റാക്ക് ചെയ്തു.

ഇംഗ്ലണ്ടിന്റെ മധ്യ-പിൻനിരകളെ പിടിച്ചുകെട്ടിയ ഉസ്മാൻ താരിഖിന് ബ്രൂക്കിനെ മാത്രം കീഴടക്കാൻ കഴിഞ്ഞില്ല. ഉസ്മാന്റെ നേരിട്ട 11 പന്തുകളില്‍ 16 റണ്‍സായിരുന്നു ബ്രൂക്ക് നേടിയത്. സല്‍മാൻ അഗയുടേയും കൂട്ടരും ഉത്തരമില്ലാതെ മൈതാനത്ത് നില്‍ക്കുന്നത് നിരന്തരമുള്ള കാഴ്ചയായി മാറുകയായിരുന്നു. ഒടുവില്‍ വിജയലക്ഷ്യത്തിലേക്കുള്ള ദൂരം 24 പന്തും 27 റണ്‍സ്. ഒറ്റ സ്പെല്ലില്‍ ഇംഗ്ലണ്ട് മുൻനിരയെ തകര്‍ത്ത ഷഹീൻ അഫ്രിദി.

വില്‍ ജാക്ക്‌സ് ബൗണ്ടറി കണ്ടത്തി തുടങ്ങിയ ഓവറില്‍ കവറിന് മുകളിലൂടെ ഒരു ഒതോറേറ്റീവ് സിക്‌സ് ബ്രൂക്കിന്റെ ബാറ്റില്‍ നിന്ന്. പിന്നാലെ ബൗണ്ടറി, സെഞ്ചുറി നിമിഷം. ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ നായകനായി ഹാരി ബ്രൂക്ക്.

തൊട്ടടുത്ത പന്തില്‍ ബ്രൂക്കിന്റെ മിഡില്‍ സ്റ്റമ്പ് നിലം പതിപ്പിക്കാൻ അഫ്രിദിക്ക് സാധിച്ചെങ്കിലും അപ്പോഴേക്കും പാക്കിസ്ഥാന്റെ കൈകളില്‍ നിന്ന് മത്സരം നഷ്ടമായിരുന്നു. അഫ്രിദിയുടെ ഭാഗത്തുനിന്ന് ആഘോഷങ്ങളുണ്ടായിരുന്നില്ല. അയാള്‍ ബ്രൂക്കിന് കൈകൊടുത്ത് അഭിനന്ദിച്ചു.

മൂന്ന് ബാറ്റര്‍മാര്‍ മാത്രം രണ്ടക്കം കടന്ന ഇംഗ്ലണ്ട് ബാറ്റിങ് നിര. അവിടെ സെഞ്ചുറിയുമായി ഹാരി ബ്രൂക്ക്. പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 155 ആയിരുന്നു, അതില്‍ 100 റണ്‍സും ബ്രൂക്കിന്റെ സംഭാവന. പത്ത് ഫോറും നാല് സിക്സും ഉള്‍പ്പെടെ ബാറ്റ് ചെയ്തത് 196 സ്ട്രൈക്ക് റേറ്റില്‍. ഓപ്പണറും മധ്യനിര ബാറ്ററും ഫിനിഷറുമെല്ലാമായി ബ്രൂക്ക്, ഒരു വണ്‍ മാൻ ഷോ. പലേക്കലയിലെ വിക്കറ്റിലാണ് ഈ പ്രകടനം. ബ്രൂക്കിന്റെ ഇന്നിങ്സിന് അസാധാരണത്വം കൈവരിക്കുന്നതും ഇതുകൊണ്ട് തന്നെ.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu