ക്രിസ്തുമസ് ഷോപ്പിംഗ് സീസൺ പ്രതീക്ഷിച്ചത്ര മെച്ചപ്പെട്ടില്ല എന്നത് ബ്രിട്ടനിലെ ചില്ലറ വിൽപന മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേരത്തേ ഒരു വൻ സമ്മർദ്ദമായി മാറിയ മിനിമം വേതനവ് വർദ്ധനവും നാഷണൽ ഇൻഷൂറൻസിലെ തൊഴിലുടെമയുടെ വേതനത്തിലെ വർദ്ധനവുമെല്ലാം താങ്ങാനാകാതെ നിൽക്കുന്ന സാഹചര്യത്തിലാണ് വിപണിയിലും തിരിച്ചടി നേരിടുന്നത്. ഇതോടെ ഈ മേഖലയിൽ ഈ വർഷം കൂട്ട പിരിച്ചു വിടലുകൾ ഉണ്ടാകും എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
-------------------aud--------------------------------
'സുവർണ്ണ പാദം' എന്നറിയപ്പെടുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ വിൽപനയിൽ ഉണ്ടായ വളർച്ച, ഏതാണ് തിരശ്ചീനമായി വരച്ച വര പോലെയാണെന്ന് ബ്രിട്ടീഷ് റീടെയിൽ കൺസോർഷ്യം (ബി ആർ സി) പറയുന്നു. ഒട്ടു മിക്ക ചില്ലറ കച്ചവടക്കാരും, തങ്ങളുടെ ഒരു വർഷത്തെ ശ്രമത്തിന്റെ ഫലം യഥാർത്ഥത്തിൽ അനുഭവിക്കുന്നത് ഈ മൂന്ന് മാസക്കാലമായിരിക്കും. എന്നാൽ, ഇത്തവണ ചാകര പ്രതീക്ഷിച്ച ഫലമൊന്നും തന്നില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ സീസണുമായി താരതമ്യം ചെയ്താൽ, ഇക്കൊല്ലം വിൽപനയിലുണ്ടായിട്ടുള്ള വർദ്ധനവ് കേവലം 0.4 ശതമാനം മാത്രമാണെന്ന് ബി ആർ സി പറയുന്നു. പൊതുവായി പരിഗണിച്ചാൽ 2023 നെ അപേക്ഷിച്ച് 2024ൽ വിൽപനയിൽ ഉണ്ടായ വർദ്ധനവ് 0.7 ശതമാനമാണ്. കൂടുതൽ ആളുകൾ ഭക്ഷണ പാനീയങ്ങൾക്കായാണ് പണം ചെലവഴിച്ചതും അതേസമയം ബാർക്ലേസിന്റെ കണക്ക് കാണിക്കുന്നത് ഡിസംബറിൽ കൺസ്യൂമർ കാർഡ് ഉപയോഗിച്ചുള്ള ചെലവാക്കലിൽ പൂജ്യം വളർച്ചയാണ് നേടിയതെന്നാണ്. ജീവിത ചെലവ് വർദ്ധിക്കുന്നതു കൊണ്ടുള്ള പ്രതിസന്ധി രൂക്ഷമാണെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. വിൽപന കുറയുന്നതിനൊപ്പമാണ് സർക്കാരിന്റെ നികുതി വർദ്ധനവ് എന്ന പ്രഹരവും. മൊത്തത്തിൽ ചില്ലറ വിൽപന മേഖലക്ക് ഇതു കാരണം ഏഴു ബില്യൺ പൗണ്ടിന്റെ അധിക ചെലവ് വരും എന്നാണ് ബി ആർ സി പറയുന്നത്. നാഷണൽ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാനുള്ള ശ്രമം, പുതിയ തൊഴിൽ അവസരങ്ങൾ കുറയ്ക്കുമെന്നും, നിലവിലെ പല തൊഴിലുകളും നഷ്ടപ്പെടുത്തുമെന്നും വിവിധ മേഖലയിലുള്ളവർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിവർഷം ഏഴു ബില്യണിന്റെ അധിക ചെലവ് കണ്ടെത്തുന്നതിനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവരുമെന്നും, സാധനങ്ങളുടെ വില കൂട്ടേണ്ടി വരുമെന്നും ടെസ്‌കോ, മാർക്ക് ആൻഡ് സ്പെൻസർ, നെക്സ്റ്റ് തുടങ്ങിയ ചില്ലറ വിൽപന മേഖലയിലെ പ്രമുഖർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ഈ നയം ബ്രിട്ടന്റെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുവാനെ ഉതകൂ എന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ദുർബലമായി കൊണ്ടിരിക്കുന്ന പൊതു സേവന മേഖലയിലേക്കുള്ള സാമ്പത്തിക സഹായത്തിന് സുസ്ഥിരത വരുത്താനാണ് നികുതി വർദ്ധിപ്പിച്ചത് എന്നാണ് ചാൻസലറുടെ നിലപാട്.
© Copyright 2024. All Rights Reserved