പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. ചൈനയിൽ നിശ്ചയിച്ചിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവച്ചതായി സൗദി ക്ലബ് അൽ-നാസർ. ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും CR7 ന് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകൾ.
ജനുവരി 24-ന് ഷാങ്ഹായ് ഷെൻഹുവയിലും നാല് ദിവസം കഴിഞ്ഞ് ഷെജിയാങ്ങിലും കളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സൂപ്പർതാരത്തിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മത്സരങ്ങളും മാറ്റിവച്ചതായി അൽ നാസർ പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനീസ് ഫുട്ബോളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെയും ബഹുമാനിക്കുന്നു. ചൈനയിലെ ട്രെയിനിങ് ക്യാമ്പ് നടക്കും. സൗഹൃദ മത്സരത്തിനായി പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും അൽ നസർ.
ആരാധകരോട് മാപ്പ് പറഞ്ഞ് 38 കാരനായ റൊണാൾഡോയും രംഗത്തെത്തി. ’22 വർഷമായി പന്ത് തട്ടുന്നു, പരിക്ക് കാരണം അധികം പുറത്തിരിക്കാത്ത കളിക്കാരനാണ് ഞാൻ. നിർഭാഗ്യവശാൽ, എനിക്ക് ചില പ്രശ്നങ്ങളുണ്ട്, പക്ഷേ ഇത് ഫുട്‌ബോളിന്റെയും എന്റെ ജീവിതത്തിന്റെയും ഭാഗമാണ്. എനിക്കും അൽ-നാസറിനും ചൈനയിൽ എത്താൻ കഴിയാത്തതിൽ ദുഃഖമുണ്ട്. മത്സരം റദ്ദാക്കിയിട്ടില്ല, നമ്മൾ ഉടൻ തിരിച്ചെത്തും’- റൊണാൾഡോ.
ഫെബ്രുവരി 1 ന് റിയാദിൽ നടക്കുന്ന സൗഹൃദ ടൂർണമെന്റിൽ അൽ-നാസർ മെസ്സിയെയും അദ്ദേഹത്തിന്റെ ഇന്റർ മിയാമി ടീമിനെയും നേരിടും. കൂടാതെ ഇരു ടീമുകളും സൗദി പ്രോ ലീഗ് ലീഡർമാരായ നെയ്മറുടെ അൽ ഹിലാലുമായും ഏറ്റുമുട്ടും. ഈ മത്സരങ്ങളും CR7ണ് നഷ്‌ടമായേക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
© Copyright 2024. All Rights Reserved