ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത കൽക്കരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന,അദാനി ഗ്രൂപ്പിനെതിരായ റവന്യൂ ഇൻ്റലിജൻസിൻ്റെ കേസിൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം. 21 സംഘടനകൾ ഇതാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്തയച്ചു. ഇന്തോനേഷ്യയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ കൽക്കരി മൂല്യം പെരുപ്പിച്ച് കാണിച്ച് ഇറക്കുമതി ചെയ്തെന്ന ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കത്ത്. അദാനി ഗ്രൂപ്പിനെതിരെ ഇംഗ്ലണ്ടിലെ ഓർഗനൈസ്‌ഡ് ക്രൈം ആൻ്റ് കറപ്ഷൻ റിപ്പോർട്ടിങിൻ്റെ കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തിയാണ് വാർത്ത.
-------------------aud--------------------------------
തമിഴ്‌നാട്ടിലെ ടാംഗെഡ്കോ എന്ന കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിൻ്റെ ഇടപാടുകൾ സംബന്ധിച്ചുള്ളതാണ് കേസ്. മൂല്യം പെരുപ്പിച്ച് കാട്ടി കൽക്കരി ഇറക്കുമതി ചെയ്തെന്ന ആരോപണത്തിനന് ബലം നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകളെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ആരോപിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ സെൻ്റർ ഫോർ ഇൻ്റർനാഷണൽ ജസ്റ്റിസ്, ബാങ്ക്ട്രാക്, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, കൾച്ചർ അൺസ്റ്റൈയ്ൻഡ്, എക്കോ, എക്സ്റ്റിങ്ഷ്യൻ റെബല്യൻ, ഫ്രണ്ട്സ് ഓഫ് ദി എർത്ത് ഓസ്ട്രേലിയ, ലണ്ടൻ മൈനിംഗ് നെറ്റ്‌വർക്, മക്കയ് കൺസർവേഷൻ ഗ്രൂപ്പ്, മാർക്കറ്റ് ഫോർസസ്, മണി റെബല്യൻ, മൂവ് ബിയോണ്ട് കോൾ, സീനിയേർസ് ഫോർ ക്ലൈമറ്റ് ആക്ഷൻ നൗ, സ്റ്റാൻ്റ് ഡോട് എർത്, സ്റ്റോപ് അദാനി, സൺറൈസ് മൂവ്മെൻ്റ്, ടിപ്പിംഗ് പോയിൻ്റ്, ടോക്സിക് ബോണ്ട്സ്, ട്രാൻസ്പെരൻസി ഇൻ്റർനാഷണൽ ഓസ്ട്രേലിയ, ഡബ്ല്യു ആൻ്റ് ജെ നഗന യർബെയ്ൻ കൾച്ചറൽ കസ്റ്റോഡിയൻസ്, ക്വീൻസ്‌ലാൻ്റ് കൺസർവേഷൻ കൗൺസിൽ എന്നിവരാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്തയച്ചത്. എന്നാൽ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിക്കുന്നുണ്ട്. പ്രതിപക്ഷത്ത് നിന്ന് രാഹുൽ ഗാന്ധി അടക്കം നേതാക്കൾ വിഷയത്തിൽ പാർലമെൻ്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കൽക്കരിയുടെ ഗുണനിലവാരം സ്വതന്ത്രമായാണ് പരിശോധിക്കുന്നതെന്നും സമാന്തരമായ പരിശോധന കസ്റ്റംസ് അതോറിറ്റീസും തമിഴ് നാട് ജനറേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയും നടത്തുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വാദിക്കുന്നു. 2013 ന് ഇന്തോനേഷ്യയിൽ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യാൻ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന കപ്പൽ തങ്ങൾ 2014 ഫെബ്രുവരിക്ക് മുൻപ് ഒരിക്കൽ പോലും ഉപയോഗിച്ചിരുന്നില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു. കേസിൽ അന്വേഷണം പുനരാരംഭിക്കാൻ അനുമതി തേടി റവന്യൂ ഇൻ്റലിജൻസ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 2016 മാർച്ചിലാണ് ആദ്യമായി റവന്യൂ ഇൻ്റലിജൻസ് അന്വേഷണം തുടങ്ങിയത്. 2011 മുതൽ 2015 വരെ ഇന്തോനേഷ്യയിൽ നിന്ന് മൂല്യം പെരുപ്പിച്ച് കാട്ടി ഗുണനിലവാരമില്ലാത്ത കൽക്കരി ഇറക്കുമതി ചെയ്തെന്നാണ് കേസ്
© Copyright 2023. All Rights Reserved