ഇസ്രായേൽ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെ ഗസ്സയിൽ വെടിനിർത്തലിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഹമാസും ഇസ്രായേലും തമ്മിൽ ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ സാധ്യതകൾ ഉയർന്നത്. വെടിനിർത്തലിലേക്ക് അടുക്കുകയാണെന്ന് ഹമാസ് മേധാവി ഇസ്‌മായിൽ ഹനിയ്യ പ്രസ്‌താവനയിൽ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ, ഇസ്രായേലോ ഹമാസോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്‌താവന നടത്തിയിട്ടില്ല. അതേസമയം, എന്തൊക്കെ ധാരണകൾ പ്രകാരമാണ് വെടിനിർത്തലെന്ന കാര്യം വ്യക്തമല്ല. വെടിനിർത്തലിന് ഇസ്രായേൽ പച്ചക്കൊടി കാട്ടിയതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനൽകുമെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകരമായി, ഇസ്രായേൽ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. ബന്ദികളുടെ മോചനത്തിന് പ്രഥമപരിഗണന നൽകാത്തതിൽ ഇസ്രായേലിനകത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും കഴിഞ്ഞദിവസം നടന്നു. ഇതിനു പിന്നാലെയാണ് ഖത്തർ അടക്കം രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കിയത്.
© Copyright 2025. All Rights Reserved