ബ്രിട്ടന്റെ മണ്ണിൽ ഗാന്ധി ജയന്തി ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ. ഒഐസിസി യുകെ യുടെ നേതൃത്വത്തിൽ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനം തീർത്തും വ്യത്യസ്തവും ആഘോഷവുമാക്കി മാറ്റുകയായിരുന്നു പ്രവർത്തകർ. സേവന ദിനാചരണമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒഐസിസി യുകെ മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകിയ പ്രവർത്തനത്തിൽ ബോൾട്ടൻ കൗൺസിലുമായി ചേർന്നു ബോൾട്ടനിലെ മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
-------------------aud--------------------------------
രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്ലേ പാർക്ക് ഗ്രൗണ്ടിൽ വെച്ച് ആരംഭിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒഐസിസി (യുകെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒഐസിസി (യുകെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒഐസിസി (യുകെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വനിതാ - യുവജന പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ പങ്കാളികളായി. ബോൾട്ടൻ ഗ്രീൻ പാർട്ടി പ്രതിനിധി ഫിലിപ്പ് കൊച്ചിട്ടി ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി. പരിസ്ഥിതി പ്രവർത്തകയും 'Love Bolton, Hate Litter' പ്രചാരകയുമായ കേരൻ ലിപ്പോർട്ട് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നേരത്തെ നൽകിയിരുന്നു. പ്രവർത്തനങ്ങൾ തദ്ദേശീയരുടെയും മാധ്യമ പ്രവർത്തകരുടെയും വലിയ ശ്രദ്ധ നേടി. തുടർന്ന് നടന്ന ഗാന്ധിസ്മൃതി സംഗമം ഒഐസിസി (യുകെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. സോണി ചാക്കോ അധ്യക്ഷത വഹിച്ചു. റോമി കുര്യാക്കോസ് സ്വാഗതവും ബേബി ലൂക്കോസ് നന്ദിയും അറിയിച്ചു. ജിപ്‌സൺ ജോർജ് ഫിലിപ്പ്, ബിന്ദു രാജു, ഷിനാസ്, ഹൃഷികേശ്, അഖിൽ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു മധുരം വിതരണം ചെയ്തു. ജേക്കബ്, ബൈജു പോൾ, ഫ്രബിൻ ഫ്രാൻസിസ്, റിജോമോൻ റെജി, രഞ്ജിത്, റീന റോമി തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.
© Copyright 2024. All Rights Reserved