ടെൽ അവീവ് ഗാസ മൊത്തത്തിൽ നിയന്ത്രണത്തിലാക്കാനും അനിശ്ചിതകാലത്തേക്കു സൈന്യത്തെ അവിടെ വിന്യസിക്കാനുമുള്ള പദ്ധതിക്ക് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. പലസ്തീൻ മേഖലയിൽ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ രാജ്യാന്തരതലത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. പദ്ധതി നടപ്പായാൽ വടക്കൻ ഗാസയിൽ നിന്നു പലസ്തീൻകാർ തെക്കൻ ഗാസയിലേക്കു പോകാൻ നിർബന്ധിതരാകും. ഇത് അവിടത്തെ പ്രശ്‌നം കൂടുതൽ വഷളാക്കും. പല ലക്ഷ്യങ്ങളാണ് ഇസ്രയേലിനുള്ളത്. ഗാസയിൽ ഹമാസ് ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നതു തടയുകയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതുവഴി ഹമാസ് വീണ്ടും കരുത്തു നേടുമെന്ന് ഇസ്രയേൽ സംശയിക്കുന്നു.
ഗാസയുടെ നിയന്ത്രണത്തിലൂടെ ലഭിക്കുന്ന മേധാവിത്വത്തിലൂന്നി ബന്ദികളെ വിട്ടുകിട്ടാൻ നിർബന്ധിക്കുകയെന്നതാണു മറ്റൊരു ലക്ഷ്യം. സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് ദുരിതാശ്വാസം വിതരണം ചെയ്യാമെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ അത്തരമൊരു പദ്ധതിയിൽ പങ്കാളികളാകില്ലെന്നു യുഎൻ അറിയിച്ചിട്ടുണ്ട്.ഗാസയിലേക്കു കടന്നുകയറാനൊരുങ്ങുന്ന ഇസ്രയേലിനെതിരെ ആകാശവിലക്ക് സൃഷ്ടിക്കുമെന്ന് യെമനിലെ ഹുതികൾ പ്രഖ്യാപിച്ചു. ഞായറാഴ്‌ച ഇസ്രയേലിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു.
© Copyright 2025. All Rights Reserved