ഗിനിയയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെപ്പേർ മരിച്ചതായി റിപ്പോർട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറെകോരയിലാണ് സംഭവം.
നഗരത്തിലെ ആശുപത്രിയിൽ മൃതദേഹങ്ങൾ നിരനിരയായി കിടത്തിയിരിക്കുകയാണെന്നും മോർച്ചറികളെല്ലാം ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
----------------------------
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെ ആയിരുന്നു ആരാധകർ പരസ്പരം ഏറ്റുമുട്ടിയത്. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങൾക്ക് വഴിവെച്ചത്. ഇതിനെ തുടർന്നാണ് ടീമുകളുടെ ആരാധകർ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങൾ ആരംഭിച്ചത്. തുടർന്ന് അക്രമം തെരുവിലേയ്ക്കും വ്യാപിച്ചു. അക്രമികൾ എസെരെകോരെയിലെ പൊലീസ് സ്റ്റേഷന് തീയിട്ടു.
മത്സര വേദിക്ക് പുറത്ത് ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നതും മൈതാനത്ത് നിരവധി പേർ പരിക്കേറ്റ് കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. 2021ൽ നിലവിലെ ആൽഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത നേതാവാണ് സൈനികൻ കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചുവരുന്നത്.
© Copyright 2024. All Rights Reserved