നവംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 4 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പ്രതിദിനം 1.6 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് കഴിഞ്ഞ മാസം റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഒക്ടോബറിലെ കണക്കിൽ നിന്നും 3.1 ശതമാനത്തിന്റ വർധനവാണ് നവംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 36% വരും റഷ്യയിൽ നിന്നുള്ള ഇറക്കുമതി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ചില പാശ്ചാത്യ കമ്പനികൾ മോസ്കോയിൽ നിന്നുള്ള വാങ്ങലുകൾ ഒഴിവാക്കിയതിനെത്തുടർന്ന് ഇന്ത്യ ഉൾപ്പെടേയുള്ള രാജ്യങ്ങൾക്ക് വലിയ കിഴിവിലാണ് റഷ്യ എണ്ണ നൽകുന്നത്. ഇതോടെയാണ് റഷ്യ ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതിക്കാരായി മാറുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ, പരമ്പരാഗതമായി തങ്ങളുടെ എണ്ണ ആവശ്യത്തിന്റെ ഭൂരിഭാഗവും നിറവേറ്റുന്നതിനായി മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെയായിരുന്നു ആശ്രയിച്ച് വന്നിരുന്നത്. ഉയർന്ന ഗതാഗതച്ചെലവ് കാരണം മുമ്പ് റഷ്യയിൽ നിന്ന് അപൂർവ്വമായി മാത്രമായിരുന്നു എണ്ണ വാങ്ങിയിരുന്നത്.
കഴിഞ്ഞ മാസം, ഇന്ത്യ മൊത്തത്തിൽ 4.5 ദശലക്ഷം ബിപിഡി എണ്ണ ഇറക്കുമതി ചെയ്തു. ഒക്ടോബറിലെ കണക്കിൽ നിന്നും ഏകദേശം 4.5% ഇടിവ് കഴിഞ്ഞ മാസം രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 13% വളർച്ചയാണ് ഇറക്കുമതിയിലുണ്ടായിരിക്കുന്നതെന്നും ഡാറ്റകൾ വ്യക്തമാക്കുന്നു. നവംബറിൽ റഷ്യ കഴിഞ്ഞാൽ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാർ ഇറാഖും സൗദി അറേബ്യയുമാണ്. റഷ്യൻ എണ്ണയുടെ ഉയർന്ന വാങ്ങൽ ഇന്ത്യയിലേക്കുള്ള ഗൾഫ് രാഷ്ട്രങ്ങളുടെ ഇറക്കുമതിയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയുടെ നവംബറിലെ എണ്ണ ഇറക്കുമതിയിൽ മിഡിൽ ഈസ്റ്റേൺ എണ്ണയുടെ ആകെ വിഹിതം ഒക്ടോബറിലെ 48 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 46% ആയിരുന്നു. ഏപ്രിൽ ഒന്നിന് ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 77% ഉയർന്ന് ശരാശരി 1.7 ദശലക്ഷം ബിപിഡി ആയി ഉയർന്നതായി ഡാറ്റ വ്യക്തമാക്കുന്നു.റഷ്യൻ എണ്ണയുടെ ഇന്ത്യൻ ഇറക്കുമതി വർധിച്ചതും ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ വിഹിതം ഏപ്രിൽ-നവംബർ മാസങ്ങളിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 62 ശതമാനത്തിൽ നിന്ന് 48 ശതമാനമായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
© Copyright 2024. All Rights Reserved