പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുനർ ജില്ലയിൽ നിന്ന് മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് ഡോ.സവീര പ്രകാശ്. സവീര പ്രകാശ് നാമ നിർദേശ പത്രിക സമർപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ പിപ്പിൾസ് പാർട്ടിയുടെ വനിതാ വിഭാഗം ജില്ല ജനറൽ സെക്രട്ടറിയാണ് സവീര. 2024 ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് സവീര പ്രകാശ്.
പാക്കിസ്താനിലെ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽ നിന്ന് 2022-ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ സവീര ജനസേവനം തന്റെ രക്തത്തിലുള്ളതാണെന്നാണ് പറയുന്നത്. വിരമിച്ച ഡോക്ടറായ അച്ഛൻ ഓം പ്രകാശ് കഴിഞ്ഞ 35 വർഷമായി പാകിസ്താൻ പിപ്പിൾസ് പാർട്ടിയുടെ സജീവ അംഗമാണ്.
ഡോക്ടർ എന്ന നിലയിൽ സർക്കാർ ആശുപത്രികളിലെ മോശം അവസ്ഥ അനുഭവിച്ചതിൽ നിന്നാണ് നിയമസഭാംഗമാകാനുള്ള മോഹം ഉണ്ടായതെന്നും പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന പിതാവിൻറെ പാത പിൻതുടരാൻ ആഗ്രഹിക്കുന്നതായും സവീര പറയുന്നു.
പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ പൊതു സീറ്റുകളിൽ വനിതാ സ്ഥാനാർഥികൾക്ക് കുറഞ്ഞത് അഞ്ച് ശതമാനം പ്രാതിനിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.
© Copyright 2025. All Rights Reserved