ചരിത്രപരമായ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയ്നിലെത്തി. 10 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിൻ യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം യുക്രൈയ്ൻ തലസ്ഥാനമായ കീവിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അദ്ദേഹത്തിന് താമസസൗകര്യമൊരുക്കിയ ഹോട്ടലിന് മുൻപിൽ ഇന്ത്യക്കാർ എത്തിയിരുന്നു. അവരെ അഭിവാദ്യം ചെയ്ത് ശേഷം മോദി ഹോട്ടലിലേക്ക് വിശ്രമിത്തിനായി പോയി.
-------------------aud--------------------------------
പോളണ്ട് സന്ദർശനം പൂർത്തിയാക്കിയാണ് നരേന്ദ്ര മോദി യുക്രൈനിലെത്തിയത്. 2022-ൽ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
1991-ൽ സോവിയറ്റ് യൂണിയനിൽനിന്ന് യുക്രൈൻ സ്വതന്ത്രമായതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നത്. സെലെൻസ്‌കിയുടെ ക്ഷണപ്രകാരമാണ് മോദി യുക്രൈനിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയത്.
യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയതിൽ സെലൻസ്‌കിയടക്കമുള്ള പശ്ചാത്ത്യ രാജ്യ നേതാക്കൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈനിലെത്തുന്നത്.
യുക്രൈനിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കടുത്ത ആശങ്കയറിയിച്ചിരുന്നു. ഒരു പ്രശ്നവും യുദ്ധഭൂമിയിൽ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമാധാനവും സുസ്ഥിതിയും പുനഃസ്ഥാപിക്കാനുള്ള സംവാദത്തെയും നയതന്ത്രത്തെയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഇതിനായി സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യയും സുഹൃദ്രാജ്യങ്ങളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനൊപ്പം വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് മോദിയുടെ പ്രസ്താവന. അതിനുമുൻപ് ഇരുവരും ചർച്ചനടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്കുയർത്താനുള്ള വഴികൾ രണ്ടുപേരും ചർച്ചചെയ്തിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുക്രൈയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ സെക്രട്ടറി ജനറലിന്റെ ഓഫീസ് അറിയിച്ചു. യുക്രൈയ്നിലെ റഷ്യൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ലെങ്കിലും, ”ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയിൽ, മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയിലാണ് എല്ലാവരും പ്രതീക്ഷ വച്ചുപുലർത്തുന്നത്.
© Copyright 2023. All Rights Reserved