ചാൻസലർ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണൽ ഇൻഷുറൻസ് കട്ട് ശനിയാഴ്ച നിലവിൽ വന്നു. 12 ശതമാനമായിരുന്ന നാഷണൽ ഇൻഷുറൻസ് 10 ശതമാനത്തിലേക്കാണ് കുറയുന്നത്. 12,570 പൗണ്ട് മുതൽ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാർക്കാണ് നാഷണൽ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കുന്നതിന്റെ ആശ്വാസം ലഭിക്കുക.
-------------------aud--------------------------------
ഓട്ടം സ്‌റ്റേറ്റ്‌മെന്റിലാണ് ചാൻസലർ നാഷണൽ ഇൻഷുറൻസ് കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യുകെയിലെ 27 മില്ല്യൺ പേറോൾ എംപ്ലോയീസിന് ഇതിന്റെ ഗുണം ലഭിക്കും. യുകെയിലെ ശരാശരി ശമ്പളമായ 35,000 പൗണ്ട് നേടുന്ന വ്യക്തിക്ക് ഇതുവഴി പ്രതിവർഷം 450 പൗണ്ട് ലാഭം കിട്ടും, പ്രതിമാസം 37.38 പൗണ്ട് എന്ന നിലയിലാണ് ഈ മാറ്റം വരിക.
സെൽഫ് എംപ്ലോയ്‌മെന്റ് ചെയ്യുന്നവർക്കും നാഷണൽ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കും. ഏപ്രിൽ മുതലാണ് ഇത് ബാധകമാകുക. ക്ലാസ് 2 കോൺട്രിബ്യൂഷൻ റദ്ദാക്കുന്നതും, ക്ലാസ് 4 കോൺട്രിബ്യൂഷൻ 9 ശതമാനത്തിൽ നിന്നും 8 ശതമാനമായി കുറയ്ക്കുകയും ചെയ്യും. ഇതും 12570 പൗണ്ട് മുതൽ 50270 പൗണ്ട് വരെ ശമ്പള ബ്രാക്കറ്റിൽ വരുന്നവർക്കാണ് ബാധകമാകുക.
ഇതിന്റെ ഗുണം രണ്ട് മില്ല്യൺ സെൽഫ് എംപ്ലോയ്ഡ് ആളുകൾക്ക് ലഭിക്കുമെന്ന് ട്രഷറി പറയുന്നു. ഈ ഘട്ടത്തിലും ടാക്‌സ് ഭാരം റെക്കോർഡ് നിരക്കിൽ തുടരുകയാണ്. നികുതി നൽകിത്തുടങ്ങുന്ന പരിധി മരവിപ്പിച്ച് നിർത്തിയതോടെയാണ് കൂടുതൽ ആളുകൾ ഉയർന്ന നികുതി ബ്രാക്കറ്റിൽ എത്തിയത്. അതേസമയം കൂടുതൽ നികുതി വെട്ടിക്കുറവുകൾ എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തിൽ ചാൻസലർ ജെറമി ഹണ്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
നാഷണൽ ഇൻഷുറൻസ് കുറയ്ക്കുന്നത് വഴി ഒരു കുടുംബത്തിലെ രണ്ട് പേർ ജോലിക്ക് പോകുന്നുണ്ടെങ്കിൽ ആയിരം പൗണ്ടോളം ലാഭം കിട്ടുമെന്നാണ് ഹണ്ട് വ്യക്തമാക്കുന്നത്. എന്നാൽ ഇൻകം ടാക്‌സ് മരവിപ്പിച്ച് നിർത്തിയതിനാൽ ആളുകൾക്ക് ചെറിയ ഗുണം മാത്രമാണ് ലഭിക്കുകയെന്ന് ലേബർ വിമർശിക്കുന്നു.
© Copyright 2024. All Rights Reserved