ചെങ്കടലിലെ സംഘർഷാവസ്ഥ കാരണം ഷിപ്പിംഗ് ചിലവുകൾ കുതിച്ചുയർന്നതു കൂടാതെ 4 ആഴ്ച വരെ കാലതാമസവും നേരിട്ടെന്നാണ് ബ്രിട്ടീഷ് കമ്പനികൾ അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സ‌് ന്റെ സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സ്ഥാപനങ്ങളും ചെങ്കടലിലെ ഹൂതികളുടെ ആക്രമണം തങ്ങളെ ബാധിച്ചതായാണ് പറഞ്ഞത് .
സംഘർഷത്തെ തുടർന്ന് ഉയർന്നുവരുന്ന അധിക ചെലവുകൾ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സ‌് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കയറ്റുമതിക്കാർ, ചില്ലറ വ്യാപാരികൾ, മൊത്ത കച്ചവടക്കാർ, നിർമ്മാതാക്കൾ എന്നിവർ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ കണ്ടെത്തൽ.
ഇതിനിടെ കഴിഞ്ഞ ദിവസം യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തി. 18 ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ശനിയാഴ്ച വൻ സൈനിക നടപടി ഉണ്ടായത് . ചെങ്കടലിലെ ചരക്ക് കപ്പൽ ആക്രമിച്ച നടപടിയെ തുടർന്നാണ് സഖ്യം ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് എതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്.
ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കടലിൽ ജീവൻ സംരക്ഷിക്കുകയും ചരക്ക് കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ
കടമയാണെന്നും അതുകൊണ്ട് യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ നാലാമത്തെ ആക്രമണം നടത്തുകയും ചെയ്‌തെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് പറഞ്ഞു. വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്.
ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്.
© Copyright 2023. All Rights Reserved