നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച സമയം സ്റ്റേഷൻ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. പോത്തുണ്ടി സ്വദേശികളായ രഞ്ജിത്ത്, ഷിബു എന്നിവരെയാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.
-------------------aud--------------------------------
ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയാണ് ഇരുവരുടെയും അറസ്റ്റ്. പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയതോടെ, നാട്ടുകാർ നെന്മാറ സ്റ്റേഷനിലെ ഗേയ്റ്റും മതിലും തകർത്തിരുന്നു. അറസ്റ്റിലായ യുവാക്കളെ ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും.
അതേസമയം പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ചെന്താമരയെ കോടതി റിമാൻഡ് ചെയ്തത്. ഒരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതി കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നിന്നത്. എന്തെങ്കിലും പരിക്കുകൾ ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒരുകാര്യം പറയാനുണ്ടെന്ന് ചെന്താമര പറഞ്ഞു. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടത്. നൂറ് വർഷം വരെ ശിക്ഷിച്ചോളൂ എന്നും പ്രതി കോടതിയിൽ പറഞ്ഞിരുന്നു.
പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊടുവാൾ വാങ്ങിയിരുന്നു. മുൻ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. തൻ്റെ പദ്ധതി കൃത്യമായി നടപ്പിലാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
© Copyright 2024. All Rights Reserved