ചൈനയിലെ ചില പ്രവിശ്യകളിൽ ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മെഡിക്കൽ ബോർഡും പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റും വിദഗ്‌ധ ഡോക്ടർമാരും നിലവിലെ സാഹചര്യം വിശകലനം ചെയ്യുകയാണ്. സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അസാധാരണമായ വർധനവൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ല. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണം. ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവിടങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കേസുകൾ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈനയിലെ ന്യൂമോണിയയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരുന്നു. രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ ആശുപത്രികളും ആരോഗ്യപ്രവർത്തകരും പരിപൂർണ സജ്ജമായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
© Copyright 2025. All Rights Reserved