മാലെ ഇന്ത്യയും മാലദ്വീപും തമ്മിൽ അഭിപ്രായഭിന്നത
രൂക്ഷമായിരിക്കുന്നതിനിടെ ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലെത്തി. തലസ്ഥാനമായ മാലെയിലെ തുറമുഖത്ത് കപ്പൽ നങ്കുരമിടും. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെടുന്ന 'സിയാൻ യാങ് ഹോങ് 03' മാലദ്വീപിലേക്ക് എത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്തൊനീഷ്യയിലെ ജക്കാർത്ത തീരത്തുനിന്നാണു കപ്പൽ എത്തിയത്.
ചൈന അയയ്ക്കുന്ന കപ്പൽ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകൾ മുതൽ ഉപഗ്രഹങ്ങൾ വരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടു കൂടിയതാണെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങളും സാറ്റലൈറ്റ് വിക്ഷേപണങ്ങളും നിരീക്ഷണ സാറ്റലൈറ്റുകളുടെ കൃത്യമായ സ്‌ഥാനവും മറ്റും മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. മാത്രമല്ല, മുങ്ങിക്കപ്പലുകളുടെ പ്രവർത്തനത്തിനായി അറിഞ്ഞിരിക്കേണ്ട കടലിന്റെ ആഴങ്ങളിലെ ഊഷ്‌മാവ് അളക്കാനും ഇന്ത്യൻ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കപ്പൽ എത്തുന്നതെന്നും ഇന്ത്യ ഭയക്കുന്നു. വെള്ളത്തിനടിയിലെ ഭൂകമ്പങ്ങൾ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകാനും ഇത്തരം കപ്പലുകൾക്ക് സാധിക്കും. എങ്കിലും സൈനിക ആവശ്യങ്ങൾക്കായി ചാരപ്രവർത്തനത്തിനും ചൈന ഈ കപ്പൽ ഉപയോഗിക്കുന്നതായാണ് വിലയിരുത്തൽ. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനാണ് എത്തുന്നതെന്നു കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മാലദ്വീപ് മന്ത്രിമാർ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനീസ് കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകിയത്. മാലദ്വീപിലുള്ള ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന് ഉൾപ്പെടെ മാലദ്വീപ് പ്രസിഡന്റ്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. അതേസമയം, മാലദ്വീപിൽ കപ്പൽ ഒരു നിരീക്ഷണവും നടത്തില്ലെന്നും നാവികരുടെ മാറ്റം പോലെയുള്ള നടപടിക്രമങ്ങൾക്കായാണ് ചൈന ക്ലിയറൻസ് ആവശ്യപ്പെട്ടതെന്നും മാലദ്വീപ് സർക്കാർ ഔദ്യോഗിക പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. സൗഹൃദ രാജ്യങ്ങളുടെ കപ്പലുകളെ മാലദ്വീപ് എക്കാലവും സ്വീകരിക്കാറുണ്ടെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി തുറമുഖം ആവശ്യപ്പെടുന്ന സ്വകാര്യ, സൈനിക കപ്പലുകൾക്ക് ആതിഥേയത്വം വഹിക്കുന്നതു തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
© Copyright 2023. All Rights Reserved