ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസത്തിനിടെ തുടർച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉൾപ്പെടെ ഉള്ളവരുമായി മോദി ചർച്ച നടത്തിയത്. ഭീകരരെ നേരിടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചു. ഇതിനിടെ ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയിൽ ജമ്മുകശ്മീരിനെ പരാമർശിച്ചതിനെ വിദേശകാര്യമന്ത്രാലയം വിമർശിച്ചു.
-------------------aud--------------------------------
മൂന്ന് ദിവസമായി നാലിടങ്ങിൽ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ മോദി ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചു. നിലവിലെ സേനാ വിന്യാസത്തെ കുറിച്ചും എന്തൊക്കെ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഭീകരാക്രമണം നേരിടാൻ മുഴുവൻ സംവിധാനങ്ങളും വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചു. ഈ മാസം അവസാനം മുതൽ ഓഗസ്റ്റ് 19 വരെ അമർനാഥ് യാത്ര നടക്കുന്നതിനാൽ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ് സാഹചര്യം. ഇതിന് പിന്നാലെ ജമ്മുകശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്.
സൈനിക സജ്ജീകരണങ്ങൾക്ക് പുറമെ ഭരണകൂട തലത്തിൽ ഭീകരരെ തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
മോദി സർക്കാരിൻറെ സത്യപ്രതിജ്ഞക്കിടെയാണ് ജമ്മുകശ്മീരിലെ റിയാസിയിൽ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം നടക്കുകയും 9 പേർ കൊല്ലപ്പെടുകയും ചെയ്തത്. അതേസമയം. ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയിൽ ജമ്മുകശ്മീരിനെ പരാമർശിച്ചതിൽ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ജമ്മുകശ്മീരിനെ കുറിച്ച് ഇരു രാജ്യങ്ങളും നടത്തിയത് അനാവശ്യ പരാമർശമാണ്. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മറ്റ് ഒരു രാജ്യവും അതേ കുറിച്ച് അഭിപ്രായം പറയേണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻറെ ചൈന സന്ദർശനത്തിലൊടുവിൽ ജൂൺ 7ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ജമ്മുകശ്മീർ വിഷയവും പരാമർശിക്കപ്പെട്ടത്.
© Copyright 2024. All Rights Reserved