ജോസിലിൻ കൊടുങ്കാറ്റ് യുകെയിൽ ഒരു ദിവസം കൂടി നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇഷാ കൊടുങ്കാറ്റിന് പിന്നാലെ കാലാവസ്ഥ വീണ്ടും വഷളാകുമ്പോൾ അഞ്ച് പേർക്കാണ് ജീവഹാനി നേരിട്ടത്. യുകെയിൽ മറ്റൊരു ദിവസത്തേക്ക് കൂടി കാറ്റ് മൂലമുള്ള ആംബർ, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
റെയിൽ, റോഡ് ഗതാഗതത്തിൽ സാരമായ തടസ്സങ്ങൾ നേരിടുന്നതിനാൽ യാത്ര ചെയ്യുന്നതിന് ഇന്നലെ മുതൽ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ടായിരുന്നു. രാവിലെ എട്ട് വരെയാണ് വെസ്‌റ്റേൺ, നോർത്തേൺ സ്‌കോട്ട്‌ലണ്ടിൽ ആംബർ അലേർട്ട് നിലവിലുള്ളത്.
പവർകട്ട് നേരിടാൻ സാധ്യത നിലനിൽക്കുന്നതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. മൊബൈൽ ഫോൺ സേവനങ്ങൾ ഉൾപ്പെടെ ബാധിക്കപ്പെടും. കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ട്. ഇഷാ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ നിന്നും രാജ്യം തിരിച്ചുവരുന്ന സമയത്താണ് കൂടുതൽ സ്ഥിതി വഷളാക്കി മറ്റൊരു കൊടുങ്കാറ്റ് കൂടി എത്തുന്നത്.
എൻഎച്ച്എസ് നഴ്‌സ് ആൻഡ്രൂ ബാർക്കർ ഉൾപ്പെടെ അഞ്ച് പേർക്കാണ് കൊടുങ്കാറ്റിൽ ജീവൻ നഷ്ടമായത്. 25 വയസ്സുള്ള കെയ്റ്റാണ് നോക്ക്ബ്രിഡ്ജിൽ സഞ്ചരിച്ചിരുന്ന വാൻ മരത്തിലേക്ക് ഇടിച്ചുകയറി കൊല്ലപ്പെട്ടത്. അവന്തി വെസ്റ്റ് കോസ്റ്റ്, ക്രോസ് കൺട്രി, എൽഎൻഇആർ, ലൂമോസ സ്‌കോട്ട്‌റെയിൽ, ട്രാൻസ്‌പെന്നൈൻ എക്‌സ്പ്രസ് എന്നിവരാണ് കൊടുങ്കാറ്റ് മൂലം യാത്രാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
© Copyright 2024. All Rights Reserved