ഫാമിലി യാത്രക്കായി കുട്ടികളുടെ ക്ലാസ് മുടക്കുന്ന മാതാപിതാക്കളിൽ നിന്നും വർദ്ധിച്ച ഫൈൻ ഈടാക്കാൻ നിർദ്ദേശം. പഠന സമയത്ത് ഇതിന് തയ്യാറാകുന്ന മാതാപിതാക്കളിൽ നിന്നും 80 പൗണ്ട് വരെ ഫൈൻ ഈടാക്കാനാണ് നീക്കം. ടേം-ടൈം ഹോളിഡേകൾക്ക് എതിരെ പുതിയ യുദ്ധം പ്രഖ്യാപിച്ച എഡ്യുക്കേഷൻ സെക്രട്ടറി ഗിലിയാൻ കീഗൻ പെനാൽറ്റിയിൽ 33% വർദ്ധന രേഖപ്പെടുത്തി 60 പൗണ്ടിൽ നിന്നുമാണ് വമ്പൻ വർദ്ധന നടപ്പാക്കുന്നത്. മഹാമാരി കാലത്ത് സ്റ്റാൻഡേർഡ് താഴ്ന്നതും, ഫൈനുകൾ അടപ്പിക്കുന്ന രീതി സ്‌കൂളുകൾ മറന്നതും മുൻനിർത്തിയാണ് അറ്റൻഡൻസ് മെച്ചപ്പെടുത്താനുള്ള ഈ പദ്ധതി. കൊവിഡ് ലോക്ക്ഡൗണുകൾക്ക് ശേഷം ആദ്യമായി ഫൈൻ ഏർപ്പെടുത്തുന്നതിന്റെ മാനദണ്ഡവും ഗവൺമെന്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. അഞ്ച് ദിവസം അനധികൃതമായി ലീവെടുത്താൽ ഫൈൻ നിബന്ധനയ്ക്ക് കീഴിൽ വരും. 2013-ൽ ഇത്തരം ഫൈനുകൾ ഏർപ്പെടുത്തിയ മുൻഗാമി മൈക്കിൾ ഗോവിന്റെ നിലപാടിലേക്കുള്ള മടക്കമാണ് കീഗൻ പുറത്തെടുക്കുന്നത്. 'നമ്മുടെ മികവേറിയ സ്‌കൂളുകളും, അധ്യാപകരും കുട്ടികളുടെ ചിന്തകളും, കഴിവും, സാമൂഹിക കഴിവുകളും മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ അറ്റൻഡൻസ് മെച്ചപ്പെടുത്തുന്നത് മുൻഗണനാ വിഷയമാണ്', കീഗൻ പറഞ്ഞു. അതിനാലാണ് ഹാജർ നില മെച്ചപ്പെടുത്താനുള്ള അടുത്ത ചുവട് വെയ്ക്കുന്നത്, അവർ കൂട്ടിച്ചേർത്തു. ഒൻപത് വർഷത്തിനിടെ ആദ്യമായാണ് സ്‌കൂൾ ഫൈൻ വർദ്ധിപ്പിക്കുന്നത്. ആദ്യത്ത 21 ദിവസത്തിനകം ഫൈൻ നൽകാത്ത മാതാപിതാക്കൾക്ക് ഇത് 160 പൗണ്ടിലേക്കാണ് വർദ്ധിക്കുക.
© Copyright 2023. All Rights Reserved