അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ ഭരണകൂടത്തിലെ പ്രമുഖരുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തുമെന്നുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
-------------------aud--------------------------------
ക്ഷണം അനുസരിച്ച്, അമേരിക്കൻ ഐക്യനാടുകളുടെ 47-ാമത് പ്രസിഡന്റായി നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ജെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യാ സർക്കാരിനെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പ്രതിനിധീകരിക്കും. വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. ഈ മാസം 20 നാണ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി രണ്ടാം വട്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.
ജനുവരി 20 ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടൺ ഡിസിയിലെ യു എസ് ക്യാപിറ്റോളിൽ ആരംഭിക്കുക. ട്രംപിൻറെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള ലോകനേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത്. തെരഞ്ഞെടുപ്പിൽ ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ, എതിരാളി ഇന്ത്യൻ വംശജയായ കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഡോണൾഡ് ട്രംപിന് പ്രസിഡൻറ് സ്ഥാനം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രസിഡൻറ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കണമെന്ന അമേരിക്കയിലെ പരമ്പരാഗത ശൈലി 2020 ൽ പ്രസിഡൻറായിരുന്ന ട്രംപ് തെറ്റിച്ചിരുന്നു.
© Copyright 2024. All Rights Reserved