അടുത്ത ദിവസങ്ങളിൽ നടക്കുന്ന ട്രെയിൻ പണിമുടക്കും റോഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാർക്ക് വൻതോതിൽ തടസ്സം നേരിടുമെന്നു റിപ്പോർട്ടുകൾ. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന റോഡുകളിലാണ് കൂടുതൽ ഗതാഗത കരുക്കിന് സാധ്യതയെന്ന് വിദഗ്ധർ അറിയിച്ചു.
-------------------aud--------------------------------
വാരാന്ത്യത്തിൽ വാഹനത്തിൽ അവധിക്കാല യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുന്നതു മൂലം ഗതാഗത കുരുക്ക് കൂടാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഈസ്റ്റർ അവധിക്കാലത്തെ അപേക്ഷിച്ച് തിരക്ക് കുറവായിരിക്കുമെന്ന് ഇന്റിക്സ് പറഞ്ഞു. ബ്രിട്ടനിലെ പ്രധാന റെയിൽ പാതയായ വെസ്റ്റ് കോസ്‌റ്റ് മെയിൻലൈൻ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടുന്നത് മൂലം കൂടുതൽ യാത്രക്കാർ മോട്ടോർവേകളിൽ സഞ്ചരിക്കാൻ നിർബന്ധിതരായേക്കാം. ഇതും റോഡുകളിൽ തിരക്ക് കൂടുന്നതിന് കാരണമാകും. ഈ വാരാന്ത്യത്തിൽ കൂടുതൽ ആളുകൾ വിദേശത്തേയ്ക്ക് പോകുന്നതും എയർപോർട്ട് റോഡുകളിൽ തിരക്ക് ഉയരുന്നതിന് കാരണമാകും.
ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച്, 3,000-ലധികം ഫ്ലൈറ്റുകളാണ് ഇംഗ്ലണ്ടിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഈ വാരാന്ത്യത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ പറയുന്നത്.
പല ട്രെയിൻ സർവീസുകളും ഈ ദിവസങ്ങളിൽ പണിമുടക്ക് മൂലം തടസ്സപ്പെടുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കവൻട്രി, ക്രൂ, കാർലിസ് എന്നിവടങ്ങളിലെ ട്രെയിൻ ഗതാഗതം തടസപ്പെടുന്നതുമൂലം മിഡ്‌ലാൻഡിലേക്കും പ്രത്യേകിച്ച് സ്കോട്ട്‌ലൻഡിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പകരം റോഡ് മാർഗമുള്ള യാത്രയെ ആശ്രയിക്കേണ്ടതായി വരും. കേംബ്രിഡ്ജ്, ലിവർപൂൾ എന്നിവിടങ്ങളിലും വാരാന്ത്യത്തിൽ റെയിൽ തടസ്സമുണ്ടാകും. മിക്ക ഓപ്പറേറ്റർമാരും പണിമുടക്ക് ദിവസങ്ങളിൽ ട്രെയിനുകളൊന്നും ഓടിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ റോഡിലെ തിരക്ക് പരിഗണിച്ച് യാത്രയുടെ സമയം ക്രമീകരിക്കണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
© Copyright 2023. All Rights Reserved