തമിഴ്‌നാട്ടിലെ മധുരയിൽ കൂറ്റൻ ജെല്ലിക്കെട്ട് വേദി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തന്റെ പിതാവും അന്തരിച്ച ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ പേരിലാണ് സ്‌റ്റേഡിയം. കീലക്കരൈയിലെ കലൈഞ്ജർ ശതാബ്ദി ജല്ലിക്കെട്ട് അരീന 5000 കാണികളെ ഉൾക്കൊള്ളുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. തമിഴ്‌നാട് സർക്കാർ 44 കോടി രൂപ ചെലവഴിച്ച് 66 ഏക്കർ സ്ഥലത്താണ് നിർമാണം നടത്തിയത്. 2014ൽ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വർഷത്തിന് ശേഷം ചെന്നൈയിലെ മറീനയിൽ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വൻ ജനകീയ പ്രതിഷേധം നടത്തിയെന്നും എംകെ സ്റ്റാലിൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ അന്നത്തെ എഐഎഡിഎംകെ സർക്കാർ അക്രമം അഴിച്ചുവിട്ടു. എന്നാൽ ഒടുവിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഭരണകൂടം വഴങ്ങി. എന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്നും എല്ലാ വർഷവും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകിയതിന്റെ പേരിൽ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 1,000 വർഷം പഴക്കമുള്ള പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് ഉത്സവത്തിന് മുന്നോടിയായാണ് ഉദ്ഘാടനം നടന്നത്. 2014-ൽ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി സുപ്രീം കോടതി പരമ്പരാഗത കായികവിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചതോടെയാണ് വിവാദങ്ങളുടെ കേന്ദ്രമായി മാറിയത്. വൻ പ്രതിഷേധത്തെ തുടർന്ന് 2017ൽ തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ട് നിയമസഭയിൽ ഭേദഗതി പാസാക്കി. കോടതി മാനദണ്ഡങ്ങൾ അനുസരിച്ച്, മൃഗങ്ങളുടെയും മെരുക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന നൽകുന്നത്. മെരുക്കുന്നവർ, കാളകൾ, ഒരു മ്യൂസിയം എന്നിവയും മെഡിക്കൽ സൗകര്യങ്ങളും അരീനയിൽ ഉണ്ടായിരിക്കും. ഈ വർഷമാണ് ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രിംകോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്‌നാട് പാസാക്കിയ നിയമത്തിനെതിരായ ഹർജിയിലാണ് കോടതി ഉത്തരവ്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും നൂറ്റാണ്ടായുള്ള ആചാരത്തിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. മൃഗങ്ങളോടുള്ളക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ച് 2014 ൽ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു.
© Copyright 2024. All Rights Reserved