കംപ്യൂട്ടറുകളെ മനുഷ്യമസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റം. തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച ഒരാൾക്ക് മനസ്സുകൊണ്ട് കംപ്യൂട്ടർ കഴ്സർ നിയന്ത്രിക്കാൻ സാധിച്ചെന്ന് ന്യൂറലിങ്ക് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് പറഞ്ഞു. മൗസോ ടച്ച്പാഡോ ഉപയോഗിച്ചാണ് സാധാരണ കഴ്സർ നീക്കുന്നത്.
ജനുവരിയിൽ റോബട്ടിക് ശസ്ത്രക്രിയ വഴിയാണ് തലയിൽ ചിപ് ഘടിപ്പിച്ചത്. ഇദ്ദേഹം സുഖം പ്രാപിച്ചെന്നും മസ്ക് അറിയിച്ചു. ന്യൂറലിങ്കിന്റെ 6 വർഷം നീളുന്ന ‘ടെലിപ്പതി’ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്. തലമുടി നാരിനെക്കാൾ നേർത്ത 64 ഇംപ്ലാന്റുകൾ ചേർന്ന ചിപ്പാണ് ന്യൂറലിങ്ക് സ്ഥാപിച്ചത്. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ കംപ്യൂട്ടർ സർക്യൂട്ടുകൾ പിടിച്ചെടുക്കും. ഇതിനുള്ളിൽ സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.
ചലനശേഷി നഷ്ടപ്പെട്ടവർക്കും ശാരീരിക അവശതകളുള്ളവർക്കും പദ്ധതി സഹായകമാകും. ഭാവിയിൽ എഐ സംവിധാനങ്ങളുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിക്കുന്ന തലത്തിലേക്കു പദ്ധതി വളരുമെന്ന് മസ്ക് പറഞ്ഞതു വിവാദമായിരുന്നു.
© Copyright 2023. All Rights Reserved