മാണിസാറിൻ്റെ തട്ടകത്തിൽ അദ്ദേഹത്തിൻ്റെ വിശ്വസ്‌തനായ തോമസ് ചാഴികാടൻ
എം.പിയെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോൺഗ്രസ് എം എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. മാണിസാറിനെ പാലായിൽ പോലും നിഷ്ഠൂരമായി വേട്ടയാടിയ സി.പി.എം അതിൻ്റെ ജനിതകഗുണം തന്നെയാണ് മുഖ്യമന്ത്രിയിലൂടെ ആവർത്തിച്ചത്.
മുഖ്യമന്ത്രി അടിയന്തരമായി മാപ്പു പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
പാലായിൽ നടന്ന നവകേരള സദസ് വിജയിപ്പിക്കാൻ അധ്വാനിച്ച ചാഴികാടനോട് കടക്കൂ പുറത്ത് എന്ന മട്ടിൽ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. റബറിന് 250 രൂപ വില നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ചാഴികാടൻ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പൊട്ടിത്തറിച്ചത്. ചാഴികാടന് നവകേരള സദസ് എന്താണെന്നു മനസിലാക്കാൻ പോലുമുള്ള കഴിവില്ലെന്നാണ് സംസ്ക്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന . നേരത്തെ കെ.കെ. ശൈലജ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളോടും സമാനരീതിയിൽ മുഖ്യമന്ത്രി അസഭ്യവർഷം ചൊരിഞ്ഞിട്ടുണ്ട്.കോട്ടയം ജില്ലയിൽ റബറിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി വാപൂട്ടിയിരുന്നു. നെൽകർഷകരെയും കൈവിട്ടപ്പോൾ കെ റെയിലിനെ പൊക്കിപ്പിടിക്കാൻ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ലായിരുന്നു. തോമസ് ചാഴികാടനെതിരേയുള്ള പരാമർശത്തിലൂടെ കടുത്ത ദുരിതത്തിൽക്കൂടി കടന്നു പോകുന്ന 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബർ കർഷകരെക്കൂടിയാണ് അപമാനിച്ചത്. പിണറായി സർക്കാരിന്റെ പിടിപ്പുകേടുമൂലം ഒരു കിലോ റബറിന് 140 രൂപയിൽ താഴെ വിലയായിട്ടും സർക്കാർ അനങ്ങുന്നില്ല. റബർ കൃഷി ഉപേക്ഷിച്ച തോട്ടങ്ങളിൽ ഇപ്പോൾ കാട്ടുമൃഗങ്ങൾ വിഹരിക്കുകയാണ്.
13 തവണ മാണി സാറിനെ ജയിപ്പിച്ച പാലായിൽവച്ചാണ് കേരള കോൺഗ്രസ് എം അപമാനിക്കപ്പെട്ടത് എന്നതും വിഷയത്തിൻ്റെ ഗൗരവം വിളിച്ചോതുന്നുവെന്ന് കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
© Copyright 2025. All Rights Reserved