കോവിഡ് മഹാമാരിയും തുടർന്നുള്ള സമരങ്ങളും മൂലം എൻഎച്ച്എസിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുയാണ് . ജീവനക്കാരുടെയും രോഗികളുടെ ബാഹുല്യവും നിമിത്തം സകല വിഭാഗവും കടുത്ത സമ്മർദ്ദത്തിലാണ്. അതുകൊണ്ടുതന്നെ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഏഴര മില്യണിലെത്തി. മതിയായ ഡോക്ടർമാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതും കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത് . ഇതിന് പരിഹാരം എന്ന നിലയിൽ അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എൻഎച്ച്എസ്. ദന്ത ഡോക്ടർമാർക്ക് 20000 പൗണ്ട് ബോണസ് നൽകി സേവനം കാര്യക്ഷമമാക്കാൻ ഉള്ള പദ്ധതികൾക്കാണ് എൻഎച്ച്എസ് തുടക്കം കുറിക്കുന്നത് .
എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഏഴര മില്യണിലെത്തിയ സാഹചര്യത്തിൽ ദന്ത ഡോക്ടർമാർക്ക് 20000 പൗണ്ട് ബോണസ് നൽകി സേവനം കാര്യക്ഷമമാക്കാൻ ഒരുങ്ങി എൻഎച്ച്എസ്.
ഇതോടൊപ്പം വിവിധ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നൽകാനും സർക്കാർ തയ്യാറെടുക്കുകയാണ്.ദന്ത ചികിത്സാ മേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താനുള്ള ബോണസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 200 മില്യൺ പൗണ്ട് നിക്ഷേപം നടത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. ഗോൾഡൻ ഹലോ എന്ന് വിളിക്കപ്പെടുന്ന പദ്ധതിയിൽ 240 ദന്തഡോക്ടർമാർക്ക് ഇത് ലഭ്യമാകും. എൻഎച്ച്എസ് ദന്തചികിത്സയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണിത്. ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് ബോണസ് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ഇന്ന് മന്ത്രിമാർ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.
കൂടാതെ പുതിയ എൻഎച്ച്എസ് രോഗികളെ സ്വീകരിക്കുന്നതിന് എല്ലാ ദന്തഡോക്ടർമാർക്കും ടോപ്പ്-അപ്പ് പേയ്‌മെന്റ്കളും ഉൾപ്പെടുന്നു. എന്നാൽ നടപടികൾ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് ഡെന്റൽ നേതാക്കൾ അഭിപ്രായപ്പെടുന്നത് . അടുത്ത 12 മാസത്തിനുള്ളിൽ 1.5 ദശലക്ഷം ചികിത്സകൾ കൂടി നൽകുന്നതിന് ഈ പദ്ധതി വഴിയൊരുക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. സ്മൈൽ ഫോർ ലൈഫ് എന്ന പദ്ധതിയുടെ കീഴിൽ നേഴ്സറി സ്കൂളിലെ കുട്ടികൾക്ക് ദന്തക്ഷയത്തെ ചെറുക്കാനായി വേണ്ട പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നുണ്ട് .
© Copyright 2024. All Rights Reserved