ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് പ്രമുഖ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നെന്ന് റിപ്പോർട്ട്. കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് താരങ്ങളിലേക്കും നാഡ പരിധി വിപുലീകരിക്കുന്നത്.
-------------------aud------------------------------
നീക്കത്തിന്റെ ഭാഗമായി നാഡ തയ്യാറാക്കിയ രജിസ്റ്റേർഡ് ടെസ്റ്റിങ് പൂളിൽ (ആർടിപി) 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് എന്നീ താരങ്ങളുമുണ്ട്. ആദ്യഘട്ട പട്ടികയിൽ പുരുഷ ക്രിക്കറ്റ് ടീമിൽ നിന്ന് 11 പേരെയും വനിതാ ടീമിൽ നിന്ന് മൂന്ന് പേരെയുമാണ് ഉൾപ്പെടുത്തിയത്. സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു പുരുഷ താരങ്ങൾ. വനിതാ ടീമിൽനിന്ന് ഷഫാലി വർമ, രേണുക സിങ് താക്കൂർ, ദീപ്തി ശർമ എന്നിവരാണ് നാഡയുടെ പട്ടികയിലുള്ളത്.
'റജിസ്റ്റേർഡ് ടെസ്റ്റിങ് പൂളി'ന്റെ ഭാഗമായുള്ള താരങ്ങൾ അവരുടെ യാത്രകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ നാഡയ്ക്ക് കൈമാറണം. എവിടെയാണെന്ന വിവരങ്ങളിൽ താമസസ്ഥലത്തെ വിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ നൽകണം. പുതിയ നീക്കത്തിന്റെ ആദ്യഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരകൾക്കിടെ നാഡയുടെ ഉദ്യോഗസ്ഥർ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
© Copyright 2024. All Rights Reserved