കേരളം സമ്പൂർണ സാമ്പത്തിക തകർച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ധൂർത്ത് നിർത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നൽകേണ്ട പണം മുഴുവൻ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ഇനിയും പണം ലഭിക്കാനുണ്ടെങ്കിൽ അത് ചട്ടങ്ങൾ പാലിക്കാത്തതു കൊണ്ടാണ്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ കുറേ നാളുകളായി നടത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.കടക്കെണിയിലായ കർഷകരെയും കുടുംബശ്രീ പ്രവർത്തകരായ ആളുകളെയും ക്ഷേമപെൻഷൻ ലഭിക്കേണ്ടവരെയുമൊക്കെ വെല്ലുവിളിച്ചു കൊണ്ട് കേരളീയവും നവകേരള സദസ്സുമൊക്കെ നടത്തി വീണ്ടും പണം ധൂർത്തടിക്കാനുള്ള ആസൂത്രണമാണ് കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ആഡംബരത്തെക്കുറിച്ചും ധൂർത്തിനെക്കുറിച്ചും ചോദിക്കുമ്പോൾ കേന്ദ്രം ഞെരുക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. കേന്ദ്രസർക്കാർ നിയമാനുസൃതം തരേണ്ട പണം നൽകാത്തതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. എന്നാൽ എന്താണ് വസ്തുത. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ പറയുന്നതിൽ തന്നെ വ്യത്യാസമുണ്ട്. ധനമന്ത്രി പറയുന്നത് 38,000 കോടിയുടെ കണക്കാണ്. മുഖ്യമന്ത്രി പറയുന്നത് 57,400 കോടിയുടെ കാര്യമാണ്. കേന്ദ്രം സാമ്പത്തിക അതിക്രമം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്നാണ് ധനമന്ത്രി ബാലഗോപാൽ ആരോപിച്ചത്. മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത് ഇതാണ്. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അങ്ങ് ഇത്ര മണ്ടനാകരുത്. അല്ലെങ്കിൽ ഇങ്ങനെ മണ്ടൻ കളിച്ച് ജനങ്ങളെ കബളിപ്പിക്കരുത്. രണ്ടും തെറ്റാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ച് ധാരണയുണ്ടാകണം.കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച് ധാരണയുണ്ടാകണം. ഈ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്നതെന്തൊക്കെയാണ്. അതു പ്രകാരം കേരളത്തിന് ലഭ്യമാകേണ്ടത് എന്തൊക്കെയാണ്, കേരളത്തിന് കിട്ടാൻ ബുദ്ധിമുട്ടുള്ളത് എന്തൊക്കെയാണ്. അതിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നതൊക്കെ അറിയണം. മുഖ്യമന്ത്രി 57,000 കോടിയുടെ ഒരു കൊട്ടത്തുകയാണ് പറഞ്ഞിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
© Copyright 2024. All Rights Reserved