കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിൾ ജഡ്ജിന്റേതാണ് ഉത്തരവ്.
പരാതിക്കാരിയ്ക്ക് ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിൾ ജഡ്ജ് ഇന്ന് പറഞ്ഞു. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റേയോ മറ്റ് ഏജൻസികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതിയുടെ നിർദേശം.
അന്വേഷണത്തെ എന്തിനാണ് എതിർക്കുന്നതെന്ന് കോടതി ദിലീപിനോട് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയതുമായി ബന്ധപ്പെട്ട നടിയുടെ ആശങ്കകൾ കോടതി ഗൗരവപൂർവം പരിഗണിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വകാര്യ ദൃശ്യങ്ങൾ അടക്കം പുറത്തുപോകുന്നത് തന്റെ സ്വകാര്യതയേയും നിലനിൽപ്പനേയും ബാധിക്കുന്ന കാര്യമാണെന്ന നടിയുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തു.കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറൻസിക് റിപ്പോർട്ടിന് പിന്നാലെയാണ് ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ഉൾപ്പെടെ ഹർജിയിലൂടെ അതിജീവിത ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡിലുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നുമായിരുന്നു ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
© Copyright 2023. All Rights Reserved