മാദിക സമുദായം കൊളുത്തിയ പിന്തുണയുടെ വെളിച്ചത്തിലായിരുന്നു തെലങ്കാനയിൽ ബിജെപിയുടെ ദീപാവലി. സെക്കന്തരാബാദ് കന്റോൺമെന്റ് പരേഡ് ഗ്രൗണ്ടിൽ കടൽ പോലെ നിറഞ്ഞ മാദിക സമുദായംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ചു പിന്തുണയുമായി മൊബൈൽ വെളിച്ചം തെളിച്ചപ്പോൾ തെളിഞ്ഞത് ബിജെപി നേതാക്കളുടെ മുഖമാണ്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം മാദിക റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്) സംഘടിപ്പിച്ച പൊതുയോഗം. എംആർപിഎസിന്റെ പേരിലാണെങ്കിലും സംഘാടനത്തിന്റെ അണിയറയിൽ ബിജെപി സംസ്ഥാന ഘടകമായിരുന്നു. പ്രവേശനത്തിനുള്ള പാസുകൾ അനുവദിച്ചത് ഉൾപ്പെടെ ബിജെപി ഓഫിസിൽ നിന്ന്. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ.
തെലങ്കാനയിലെ ജനസംഖ്യയിൽ 18 ശതമാനത്തോളം പട്ടികജാതി വിഭാഗങ്ങളാണ്. ഇതിൽ പകുതിയിലേറെയും മാദിക സമുദായം. എന്നാൽ പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യം സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നാക്കം നിൽക്കുന്ന മാലാ സമുദായത്തിനാണു ലഭിക്കുന്നതെന്നാണ് ഇവരുടെ പരാതി. ഇതിനു പരിഹാരമായി പട്ടികജാതി വിഭാഗത്തെ വിഭജിച്ചു സംവരണം നൽകണമെന്നാണ് എംആർപിഎസിന്റെ ആവശ്യം. കേന്ദ്രം ഇതിനായി നിയമനിർമാണം നടത്തുമെന്ന് ഉറപ്പുനൽകിയാണ് ബിജെപി എംആർപിഎസിന്റെ പിന്തുണ ഉറപ്പാക്കിയതെന്നാണു വിവരം. "നിങ്ങളുടെ ആവശ്യത്തിനൊപ്പം ഞാനുണ്ടാകും' എന്നു മോദി യോഗത്തിൽ പ്രഖ്യാപിച്ചു. തങ്ങളുടെ ദുരിതജീവിതം വിവരിച്ചു കണ്ണീരണിഞ്ഞ എംആർപിഎസ് സ്ഥാപക നേതാവ് മന്ദാ കൃഷ്ണ മാദികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. സംവരണത്തിലെ വിഭജനം ഇപ്പോൾ തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സമ്മേളന സ്ഥലത്തെ വിളക്കുകാലിൽ കയറിയ യുവതിയോടു താഴെയിറങ്ങാനും താൻ ഒപ്പമുണ്ടെന്നും മോദി പറഞ്ഞു. മാദിക സമുദായത്തിന്റെ പരിപാടിയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
46 ലക്ഷത്തോളം വരുന്ന മാദിക സമുദായം ഒരു മണ്ഡലത്തിൽ പോലും ഭൂരിപക്ഷമല്ലെങ്കിലും 20-25 നിയമസഭാ മണ്ഡലങ്ങളിലെങ്കിൽ വിധിയെ സ്വാധീനിക്കാൻ കഴിയുമെന്നു കരുതുന്നു. നേരത്തേ കോൺഗ്രസിനെയും ബിആർസിനെയും മാറി മാറി പിന്തുണച്ചിരുന്നവരാണ് ഇവർ തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്നു മുഖ്യമന്ത്രിയുണ്ടാകും എന്ന പ്രഖ്യാപത്തിനു പിന്നാലെയാണു സംസ്ഥാനത്തെ പ്രബല പട്ടികജാതി വിഭാഗത്തെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമം. അതേ സമയം എംആർപിഎസിന്റെ പിന്തുണയെന്നാൽ മാദിക സമുദായത്തിന്റെ പൂർണമായ പിന്തുണയല്ലെന്നു കോൺഗ്രസ്, ബിജെപി നേതാക്കൾ പറയുന്നു. ഇരു പാർട്ടികളിലും മാദിക വിഭാഗത്തിൽ നിന്നുള്ള നേതാക്കളും സ്ഥാനാർഥികളുമുണ്ട്.
© Copyright 2024. All Rights Reserved