താത്പര്യമുണ്ടെങ്കിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെയുള്ളവരെ എൻ ഡി എയിലേക്ക് തിരിച്ചെടുത്തേക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശം ചർച്ചയാകുന്നു. അടുത്തിടെ ഒരു പ്രാദേശിക ദിനപത്രത്തോടായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതോടെ സംസ്ഥാനത്തെ സഖ്യ സർക്കാരിന്റെ ഭാവിയെ കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. മുൻ സഖ്യകക്ഷികളായ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ എൻ ഡി എയിലേക്ക് തിരികെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന്, ആർക്കെങ്കിലും അതിനെക്കുറിച്ച് നിർദ്ദേശമുണ്ടെങ്കിൽ അത് പരിഗണിക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. രണ്ട് വർഷം മുമ്പ് ബി ജെ പി സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാറിന് വേണ്ടിയുള്ള വാതിലുകൾ അടഞ്ഞിട്ടില്ലെന്ന സൂചനയായിരുന്നു അമിത് ഷായുടെ പരാമർശം.നേരത്തെ നിതീഷിനെ ഇനി സഖ്യത്തിലുൾപ്പെടുത്തില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ബി ജെ പി നേതാക്കളും ജെ ഡി യുവിന് എതിരെ രൂക്ഷ വിമർശനമാണ് ഉയർത്താറുള്ളത്. ഈ സാഹചര്യത്തിൽ അമിത് ഷായുടെ നിലപാടിലെ മാറ്റം എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. അതേസമയം വിഷയത്തിൽ പ്രതികരണവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി.'എനിക്കറിയില്ല. അമിത് ഷാ എന്താണ് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് കൂടുതൽ അറിവുണ്ടായിരിക്കാം. 'ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൈകോർത്തത് മുതൽ ബി ജെ പി വേദനിച്ചിരിക്കുകയാണ്. അതേ നിരാശയിലാണ് അവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്,' തേജസ്വി പറഞ്ഞു. ബിഹാറിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് ബി ജെ പിയെ കഴുകി കളയുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ നിരാശയാണ് നേതാക്കളെ കിംവദന്തി പരത്താൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ബി ജെ പിയോട് ചോദിച്ചു. ബിഹാറിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. മഹാഗത്ബന്ധനിൽ നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്ന ഊഹാപോഹങ്ങളേയും തേജസ്വി തള്ളിക്കളഞ്ഞു.മുന്നണിയിൽ എല്ലാം ശുഭമാണ് എന്നാണ് തേജസ്വി പറഞ്ഞത്. നിതീഷ് കുമാറും ജെ ഡി യുവും 2022 ൽ ആണ് ബി ജെ പി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആർ ജെ ഡിയുമായി ചേർന്ന് മഹാഗത്ബന്ധൻ സർക്കാർ രൂപീകരിക്കുകയും ചെയ്തത്.
© Copyright 2025. All Rights Reserved