പാക് താരങ്ങളുടെ അതിരുവിട്ട ആഹ്ലാദ പ്രകടനം സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരങ്ങളുടെ ആഘോഷം അതിരുവിട്ടുവെന്ന വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വനെ അംപയർമാർ താക്കീത് ചെയ്തു.
ദക്ഷിണാഫ്രിക്കയാണ് ആദ്യം ബാറ്റ് ചെയ്തത്. അവർ ബാറ്റിങ് തുടരുന്നതിനിടെ 29ാം ഓവറിലാണ് നാടകീയ സംഭവങ്ങൾ. മുഹമ്മദ് ഹസ്നിയന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബവുമ റണ്ണിനായി ക്രീസ് വിട്ട് ഓടിത്തുടങ്ങി. നോൺ സ്ട്രൈക്കറായി മാത്യു ബ്രീറ്റ്സ്കിയായിരുന്നു. താരവും മുന്നോട്ടു കുതിച്ചു. എന്നാൽ ഇരുവരും തമ്മിൽ ആശയക്കുഴപ്പമുണ്ടായി. ബ്രീറ്റ്സ്കി തിരിഞ്ഞോടിയതോടെ ബവുമ പിച്ചിനു മധ്യത്തിലെത്തിയിരുന്നു. ഇതോടെ താരവും തിരികെ ക്രീസിലേക്ക് ഓടി. അതിനിടെ പന്ത് കിട്ടിയ സൗദ് ഷക്കീലിന്റെ ത്രോ കൃത്യം സ്റ്റംപിൽ. അപ്പോഴും ബവുമ ക്രീസിലെത്തിയിരുന്നില്ല. താരം ഔട്ട്. ഓപ്പണറായി ഇറങ്ങിയ ബവുമ 96 പന്തിൽ 82 റൺസുമായി പോരാട്ടം പാക് ക്യാംപിലേക്ക് നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി താരത്തിന്റെ വിക്കറ്റ് ലഭിക്കുന്നത്. ഇതോടെ ആഘോഷം അതിരുവിട്ടു. പവലിയനിലേക്ക് മടങ്ങുകയായിരുന്ന ബവുമയ്ക്ക് മുന്നിലേക്ക് ചാടി വീണ് പാക് താരങ്ങൾ ആഘോഷിച്ചു. ബവുമയ്ക്ക് പോകാൻ സാധിച്ചില്ല. താരം കുറച്ചു നേരം ഗ്രൗണ്ടിൽ നിൽക്കുകയും ചെയ്തു. പിന്നെയാണ് മടങ്ങിയത്.
മത്സരത്തിൽ പാകിസ്ഥാൻ 6 വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 352 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങിൽ റിസ്വാൻ (122), ആഘ സൽമാൻ (134) എന്നിവരുടെ സെഞ്ച്വറി ബലത്തിൽ പാകിസ്ഥാൻ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 355 റൺസെടുത്താണ് വിജയം പിടിച്ചത്.
© Copyright 2024. All Rights Reserved