പരിക്കിനെ തുടർന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അൽ-ഹിലാൽ ടീം ക്യാംപിൽ പങ്കെടുക്കാൻ നെയ്മർ സൗദിയിലെത്തി. കാൽമുട്ടിലെ ലിഗമെന്റിൽ വിള്ളലുണ്ടായതിനെ തുടർന്ന് നാല് മാസമായി ഫുട്‌ബോളിൽ നിന്ന് വിട്ടുനിൽക്കുകയാണ് സൂപ്പർ താരം നെയ്മർ. ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ബ്രസീലിൽ വിദഗ്ദ ചികിത്സ. സുഖം പ്രാപിച്ചതോടെയാണ് താരം അൽഹിലാൽ ക്ലബിൽ തിരിച്ചെത്തിയത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ നെയ്മറിന് അരാധകർ സമ്മാനങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു. ഈ സീസണിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്ജിയിൽനിന്ന് നെയ്മർ അൽ ഹിലാലിലെത്തിയത്. അഞ്ച് മത്സരങ്ങളിൽ മാത്രമാണ് നെയ്ർ അൽഹിലാൽ ജേസിയിൽ ഇറങ്ങിയത്. 2025 വരെ അൽ ഹിലാലുമായി നെയ്മറിന് കരാറുണ്ട്. പരിശീലനം തുടരുമെങ്കിലും അടുത്ത സീസണിന് മുമ്പ് അൽ ഹിലാലിനായി നെയ്മർ പന്തുതട്ടാൻ സാധ്യത കുറവാണ്. പൂർണ ആരോഗ്യം വീണ്ടെടുത്താൽ മാത്രമാകും മൈതാനത്ത് എത്തുക.റിയാദ് സീസൺ കപ്പിൽ മെസിയുടെ ഇന്റർ മയാമിയെയും റൊണാൾഡോയുടെ അൽ നസറിനെയും തോൽപ്പിച്ച് അൽ-ഹിലാൽ കപ്പ് ഉയർത്തിയിരുന്നു. നെയ്മർ കൂടി ടീമിൽ തിരിച്ചെത്തുന്നതോടെ അൽ- ഹിലാലിന്റെ കരുത്ത് കൂടും. ഇതിനിടെ അടുത്ത സീസണോടെ നെയ്മർ അൽ - ഹിലാൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജൂണിൽ തുടങ്ങുന്ന കോപ്പ അമേരിക്കയിൽ നെയ്മറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബ്രസീൽ ആരാധകർ.എന്നാൽ നെയ്മർ എങ്ങോട്ടേക്കെന്നുള്ള കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സനൽ, ചെൽസി എന്നിവർക്ക് നെയ്മറിൽ ഒരു കണ്ണുണ്ട്. മാത്രമല്ല, ബാഴ്‌സയിലേക്ക് തിരിച്ചെത്താനും നെയ്മർ ആഗ്രഹിക്കുന്നു. എന്നാൽ നെയ്മർ തന്റെ ആദ്യകാല ക്ലബായ സാന്റോസിലേക്ക് തിരിച്ചുപോകുമെന്നും വാർത്തകൾ പുറത്തുവരുന്നു.
© Copyright 2023. All Rights Reserved