റിപ്പബ്ലിക്കൻ പ്രൈമറിയിൽ ന്യൂ ഹാംഷെയറിലും വിജയിച്ച് ഡൊണാൾഡ് ട്രംപ്. എതിരാളി ഇന്ത്യൻ വംശജയും സൗത്ത് കരോലൈന മുൻ ഗവർണറുമായ നിക്കി ഹേലിയെ ആണ് ട്രംപ് പിന്നിലാക്കിയത്. ഇതോടെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ വലിയ മുന്നേറ്റമാണ് ട്രംപ് നേടിയിരിക്കുന്നത്.
ന്യൂ ഹാംഷെയർ ഹേലിക്കാണ് കൂടുതൽ അനുകൂലമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. ശക്തമായ പ്രചരണമായിരുന്നു അവർ ട്രംപിനെതിരെ നടത്തിയത്. രാജ്യം താറുമാറായിരിക്കുന്ന ഈ അലസ്ഥയിൽ 80 വയസുള്ള രണ്ട് പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്നായിരുന്നു പ്രചരണത്തിലുടനീളം ഹേലി ചോദിച്ചത്. അതേസമയം പരാജയം രുചിച്ചതോടെ ഹേലിയുടെ സ്ഥിതി പരുങ്ങലിലായിരിക്കുകയാണ്. എന്നിരുന്നാലും താൻ മത്സരത്തിൽ നിന്നും പിൻമാറില്ലെന്ന് ഹേലി വ്യക്തമാക്കി. വരുന്ന മൂന്ന് പ്രൈമറികളിലും താൻ മത്സരിക്കുമെന്നും അവർ പറഞ്ഞു.
വിജയിച്ച ട്രംപിനെ അവർ അനുമോദിച്ചു. ബൈഡനെ നേരിടാൻ ട്രംപാണ് ശക്തൻ എന്ന് വോട്ടർമാർ കരുതുന്നുണ്ടാകുമെന്നായിരുന്നു അവരുടെ പ്രതികരണം. സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിലാണ് അവർ അടുത്ത മത്സരം നേരിടുന്നത്. ഇവിടെ രണ്ട് തവണ നിക്കി ഗവർണറായി വിജയിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. നവാഡ സൗത്തിലാണ് ഇത് കഴിഞ്ഞാൽ തിരഞ്ഞെടുപ്പ്.
പാർട്ടി പ്രവർത്തകർ നേരിട്ടെത്തി വോട്ടുചെയ്യുന്ന രീതിയാണ് പ്രൈമറി. 44 സംസ്ഥാനങ്ങളിലും പ്രൈമറി നടക്കും. എന്നിരുന്നാലും ന്യൂ ഹാംഷെയർ, അയോവ, നവേദ, സൗത്ത് കരോളിന എന്നിവടങ്ങളിലെ ഫലങ്ങളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക
© Copyright 2024. All Rights Reserved