നൃത്ത പരിപാടിക്കിടെ ബഹളം വെച്ചവരുടെ എല്ല് തല്ലിയൊടിക്കാൻ പൊലീസിനോട് പരസ്യമായി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മന്ത്രി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സർക്കാരിലെ ന്യൂനപക്ഷ വികസന മന്ത്രി അബ്ദുൾ സത്താറാണ് ജനങ്ങളെ പട്ടിയെപ്പോലെ തല്ലിയൊടിക്കാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.
-------------------aud--------------------------------fcf308
ഔറംഗബാദ് ജില്ലയിലെ ഛത്രപതി സംഭാജിനഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മന്ത്രി അബ്ദുൾ സത്താറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് സിൽഡ് ടൗണിൽ ഒരു നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രശസ്ത ലാവണി നർത്തകി ഗൗതമി പാട്ടീലിന്റെ നേതൃത്വത്തിലായിരുന്നു ഡാൻസ് ഷോ. വൻ ജനാവലിയാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കാണികളുടെ ആവേശം അതിരു കടന്നതോടെ പരിപാടി തടസ്സപ്പെട്ടു. ഇതോടെയാണ് ക്ഷുപിതനായ മന്ത്രി സ്റ്റേജിൽ കയറി മൈക്കിലൂടെ ലാത്തി ചാർജ് നടത്താൻ ആവശ്യപ്പെട്ടത്.“അവരെ പട്ടികളെപ്പോലെ തല്ലിയോടിക്ക്…വേദിയുടെ പുറകിലുള്ളവർക്ക് നേരെ ലാത്തി ചാർജ്ജ് നടത്ത്. അടികൊണ്ട് അവന്റെയൊക്കെ എല്ലൊടിയണം, ആ തരത്തിൽ അടി പൊട്ടിക്ക്”- സ്റ്റേജിൽ നിന്ന് മന്ത്രി മൈക്കിലൂടെ വിളിച്ചു പറഞ്ഞു. കാണികളിൽ ചിലരോടും മന്ത്രി ദേഷ്യപ്പെട്ടു. ‘നിൻ്റെ അച്ഛൻ ഇങ്ങനൊരു പരിപാടി കണ്ടിട്ടുണ്ടോ? നീ പിശാചാണോ? മനുഷ്യപുത്രനാണോ നീ?, മിണ്ടാതെ ഇരുന്നു പ്രോഗ്രാം ആസ്വദിക്കൂ’- ആൾക്കൂട്ടത്തിലെ കാഴ്ചക്കാരിൽ ഒരാളെ നോക്കി സത്താർ ആക്രോശിച്ചു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിപക്ഷം രംഗത്തെത്തി. സത്താർ ഉപയോഗിച്ച ഭാഷ സംസ്കാരത്തിന് അനുയോജ്യമാണെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ പറഞ്ഞു. മന്ത്രിയുടെ പെരുമാറ്റത്തെ ഷിൻഡെ വിഭാഗവും സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അംഗീകരിക്കുകയാണെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് കുറ്റപ്പെടുത്തി.
© Copyright 2024. All Rights Reserved