പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ ഡേവിഡ് വാർണർക്ക് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത ക്യാപ്റ്റൻസി വിലക്ക് നീക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. മൂന്നംഗ റിവ്യൂ പാനലിന്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം വാർണർ പാലിച്ചിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കി.
-------------------aud------------------------------
'ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോർഡ് ഡേവിഡ് വാർണറുടെ ആജീവനാന്ത ക്യാപ്റ്റൻസി വിലക്ക് നീക്കി. ആവശ്യമായ മാനദണ്ഡങ്ങളെല്ലാം അദ്ദേഹം പാലിച്ചു. ഏകകണ്ഠമായിരുന്നു തീരുമാനം'- മൂന്നംഗ പാനൽ സമിതി പറഞ്ഞു
വിലക്ക് നീക്കിയതോടെ വരുന്ന ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിന്റെ നായകനായി തന്നെ വാർണറിന് കളിക്കാൻ സാധിക്കും. ഓസ്‌ട്രേലിയയിലെ യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഭാവിയിൽ വാർണറിന് നൽകാൻ സാധിക്കുന്ന സംഭാവനകളെ കൂടി പരിഗണിച്ചാണ് ആജീവനാന്ത വിലക്ക് മാറ്റാൻ തീരുമാനിച്ചതെന്നും മൂന്നംഗ സമിതി അറിയിച്ചു. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയായിരുന്നു ഓസ്ട്രേലിയൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടൽ വിവാദമുണ്ടായത്. ടെസ്റ്റ് മത്സരത്തിനിടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാറ്റർ ബെൻക്രോഫ്റ്റ് എന്നിവർ പന്തിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ താരങ്ങൾ കുറ്റക്കാരാണെന്ന് തെളിയുകയും മൂവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയുമായിരുന്നു.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും സ്മിത്തിനും വാർണർക്കും ഒരു വർഷത്തേക്കും ബാൻക്രോഫ്റ്റിന് 9 മാസത്തേക്കുമായിരുന്നു വിലക്കേർപ്പെടുത്തിയിരുന്നത്. കൂടാതെ, അന്ന് ടെസ്റ്റ് ടീം നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റൻസിയിൽ നിന്നും രണ്ട് വർഷത്തേക്കും ബാൻ ചെയ്തിരുന്നു. സംഭവത്തിൽ അങ്ങേയറ്റം പശ്ചാത്തപിക്കുന്നതായി പിന്നീട് ഡേവിഡ് വാർണർ പറഞ്ഞിരുന്നു.
© Copyright 2025. All Rights Reserved