പലസ്തീൻ ഐക്യദാർഢ്യ റാലിയിലേേക്ക് മുസ്ലീം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ച് സിപിഎം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി.എം.എ സലാം ക്ഷണം സ്വീകരിച്ചു. റാലിയിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകൾക്കുശേഷം നേതൃത്വം പ്രഖ്യാപിക്കുമെന്നും സലാം വ്യക്തമാക്കി. സിപിഎം ക്ഷണിച്ചാൽ ഉറപ്പായും പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ കൂടിയാലോചിച്ചില്ല. എങ്കിലും, വിളിച്ചാൽ സ്വാഭാവികമായും പോകാവുന്നതാണ്. എല്ലാവരും ഒരുമിച്ചു നിൽകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാൽ സിപിഐഎം പരിപാടിയിലേക്ക് പോകാൻ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്.എന്നാൽ അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കേണ്ടതുണ്ടോ എന്ന രൂക്ഷപരിഹാസം ഉയർത്തിയാണ് വിഷയത്തോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നത്. നവംബർ 11ന് കോഴിക്കോടാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെയുള്ള വിവിധ സാമുദായിക സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved