90 വർഷം പഴക്കമുള്ള ഇന്ത്യയുടെ എയർക്രാഫ്റ്റ് നിയമം പരിഷ്കരിക്കുന്ന ഭാരതീയ വായുയാൻ വിധേയക് ബിൽ -2024 രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. നേരത്തെ ലോക്സഭ ബില്ലിന് അനുമതി നൽകിയിരുന്നു. വ്യോമഗതാഗത മേഖലയിൽ കാലോചിത പരിഷ്കാരം ലക്ഷ്യമിടുന്ന ബിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാവും.
-------------------aud--------------------------------
വിമാനങ്ങളുടെ രൂപകൽപന, നിർമാണം, പരിപാലനം, കൈവശം വെക്കൽ, ഉപയോഗം, പ്രവർത്തനം, വിൽപന, കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നിയന്ത്രണം പ്രതിപാദിക്കുന്നതാണ് നിയമം. പഴയ വ്യോമയാന നിയമത്തിലെ ഭൂരിഭാഗം വ്യവസ്ഥകളും നിലനിർത്തുന്നതാണ് പുതിയ ബിൽ. വ്യാഴാഴ്ച രാജ്യസഭയിലെ അവതരണ വേളയിൽ ബില്ലിന്റെ ഹിന്ദി പേരിൽ ചില അംഗങ്ങൾ വിയോജിച്ചു. ഹിന്ദിയിലും സംസ്കൃതത്തിലും മാത്രം ബില്ലുകൾക്ക് പേരിടുന്നത് ഒഴിവാക്കണമെന്ന് ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. പുതിയ ബിൽ വ്യോമയാന മേഖലയുടെ വിവിധ വശങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് കൂടുതൽ അധികാരം നൽകുന്നു. വ്യോമയാന മേഖലയിൽ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ വ്യവസ്ഥകളുണ്ട്. എയറോനോട്ടിക്കൽ വിവരങ്ങളുടെ മേൽനോട്ടം, ചാർട്ടിങ്, കാലാവസ്ഥ സേവനങ്ങൾ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയടക്കം വിഷയങ്ങളിൽ നിയന്ത്രണത്തിനും വ്യവസ്ഥയുണ്ട്. വിമാനക്കമ്പനികളുടെ താരിഫുകൾ അംഗീകരിക്കാനോ പരിഷ്കരിക്കാനോ ബന്ധപ്പെട്ട ഏജൻസികൾക്ക് അധികാരം നൽകുന്നു.
© Copyright 2024. All Rights Reserved