സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നതിനിടെ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി. കട്ടപ്പന ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്റ്റാൻഡിനുള്ളിൽ കസേരയിലിരുന്ന കുമളി അരമിനിയിൽ വിഷ്ണു ബസിനടിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുമളി - മൂന്നാർ റൂട്ടിൽ ഓടുന്ന ദിയ ബസ് ആണ് അപകടം ഉണ്ടാക്കിയത്.
-------------------aud--------------------------------
പിന്നോട്ടെടുത്ത ബസ്, ഗിയർ മാറിവീണ് മുന്നോട്ട് കുതിച്ച് ഉയർത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നവർക്കായുള്ള കസേരയിൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയിൽപെട്ടതിനാലാണു വിഷ്ണുവിനു പരുക്കേൽക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയിൽ കുടുങ്ങുകയും ചെയ്തു. സംഭവത്തിൽ യുവാവിന് പരിക്ക് ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവർക്ക് നോട്ടീസ് നൽകുമെന്നും ഇടുക്കി ജോയിന്റ് ആർടിഒ അറിയിച്ചു.
© Copyright 2024. All Rights Reserved