പിഎസ്‍സി അംഗത്വം കിട്ടാൻ ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്ന ആരോപണം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിൻറെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കേസ് എടുത്തു അന്വേഷിക്കണം. ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശൻ പറഞ്ഞു.
-------------------aud----------------------------
പണം നൽകി ആ പോസ്റ്റിൽ വന്ന് ഇരുന്നാൽ പിന്നെ പി.എസ്.സിക്ക് എന്ത് വിശ്വാസ്യതയാണ്? ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സിയെ കാണുന്ന കാലത്ത്, ആ പി.എസ്.സിയിലെ അംഗങ്ങളാകുന്നവരെ ലേലത്തിൽവെച്ച് കാശ് വാങ്ങുകയാണ്. അപമാനകരമായ കാര്യമാണിത്. സി.പി.എമ്മിലെ ആഭ്യന്തര കാര്യമല്ല ഇത്. പാർട്ടി പൊലീസ് സ്റ്റേഷനും പാർട്ടി കോടതിയും പോരാ ഇതിന്. മന്ത്രിയുടെ പേര് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറിയില്ല? ഇത് ക്രിമിനൽ കുറ്റമല്ലേ? ഗൗരവതരമായ കാര്യമല്ലേ? ഇതിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അടിയന്തരമായി അന്വേഷണം നടത്തണം -പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പിഎസ്‍സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ല. അംഗങ്ങളുടെ നിയമനം സുതാര്യമാണ്. മാധ്യമ വാർത്ത അല്ലാതെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടില്ല. നിയമനത്തിൽ തെറ്റായ രീതി ഇല്ലെന്നു ഉറപ്പിച്ചു പറയാം. നിയമിച്ചവരെ കുറിച്ച് ഒരു ആക്ഷേപവും ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ ആശങ്ക വേണ്ട. തട്ടിപ്പ് നടത്തുന്നവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകും. പിഎസ്‍സിയെ ഇതിൻറെ പേരിൽ കരി വാരി തേക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോഴ ആരോപണം ഇപ്പോൾ സെറ്റിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന്ആ രോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
© Copyright 2024. All Rights Reserved