പഴയ ഫ്യുഡല്‍ ലീസ്‌ഹോള്‍ഡ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലേയും വെയ്ല്ല്‌സിലേയും പുതിയ വീടുകള്‍ എല്ലാം ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികളായി വില്‍ക്കുന്ന സമ്പ്രദായം നിലവില്‍ വരും. സര്‍ക്കാര്‍ പുതിയ ലെജിസ്ലേറ്റീവ് അജണ്ട തയ്യാറാക്കുമ്പോള്‍ അതില്‍ വീടിന്റെ ഉടമസ്ഥാവകാശംയഥാര്‍ത്ഥത്തില്‍ അത് വാങ്ങിയവര്‍ക്ക് ഉറപ്പാക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരും. ഇതനുസരിച്ച്, ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ എല്ലാ പുതിയ വീടുകളും ഫ്രീഹോള്‍ഡ് ആയി വില്‍ക്കും എന്ന് ഉറപ്പു വരുത്തും. എന്നിരുന്നാലും പുതിയ ഫ്‌ളാറ്റുകള്‍ ലീസ്‌ഹോള്‍ഡായി തന്നെയായിരിക്കും തുടര്‍ന്നും വില്‍ക്കുക.അതിനു പുറമെ, നിലവിലെ ലീസ്‌ഹോള്‍ഡ് പ്രോപ്പര്‍ട്ടികളില്‍ നിലവാടക പരിമിതപ്പെടുത്തുകയും ചെയ്യും. അതുപോലെ സ്റ്റാന്‍ഡേര്‍ഡ് ലീസ് കാലയളവ് 90 വര്‍ഷത്തില്‍ നിന്നും 990 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്യും. ലീസ് കാലാവധി നീട്ടുന്നതിന് അപേക്ഷിക്കുന്ന വ്യക്തി ആ വീട്ടില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷക്കാലമെങ്കിലും താമസിച്ചിരിക്കണം എന്ന നിബന്ധനയും എടുത്തു കളയും. ലെവലിംഗ് അപ്, ഹൗസിംഗ് ആന്‍ഡ് കമ്മ്യുണിറ്റീസ് സെക്രട്ടറി മൈക്കല്‍ ഗോവ് തയ്യാറാക്കുന്ന പുതിയ ലീസ്‌ഹോള്‍ഡ് ബില്ലിലാണ് ഈ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്.
എന്നാല്‍, തീര്‍ത്തും അപര്യാപ്തമായ നടപടി എന്നാണ് ലേബര്‍ പാര്‍ട്ടി ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതിയ വീടുകള്‍ക്കുള്ള ലീസ്‌ഹോള്‍ഡുകള്‍ ഇല്ലാതെയാക്കുമെന്ന് ടോറികള്‍ വാഗ്ദാനം നല്‍കിയ കാര്യം ലേബര്‍ പാര്‍ട്ടി ഓര്‍മ്മിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കാലഹരണപ്പെട്ട ഫ്യുഡല്‍ ലീസ്‌ഹോള്‍ഡ് സമ്പ്രദായം അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി ഇല്ലാതെയാക്കുമെന്ന് മൈക്കള്‍ ഗോവ് പ്രസ്താവിച്ചത്. പിന്നീട്, അദ്ദേഹത്തിന്റെ വകുപ്പും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിൽ ഈ പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ മൈക്കല്‍ ഗോവും പ്രധാനമന്ത്രിയും തമ്മില്‍ ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയിതു . ലെവലിംഗ് അപ്, ഹൗസിംഗ് ആന്‍ഡ് കമ്മ്യുണിറ്റീസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ ഏകദേശം 50 ലക്ഷം ലീസ്‌ഹോള്‍ഡ് വീടുകളാണ് ഉള്ളത്. ഇതില്‍ 70 ശതമാനം ഫ്‌ളാറ്റുകളും 30 ശതമാനം വീടുകളുമാണ്.
ലീസ്‌ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ വീട്ടില്‍ താമസിക്കുവാനുള്ള അവകാശമുണ്ടായിരിക്കും. എന്നാല്‍, കെട്ടിടമോ ഭൂമിയോ അതിന്റെ ഫ്രീഹോള്‍ഡര്‍ അല്ലെങ്കില്‍ സ്ഥലമുടമയുടെ ഉടമസ്ഥതയിലായിരിക്കും. നില വാടകയോ സര്‍വീസ് ചാര്‍ജോ ഒക്കെ കുത്തനെ ഉയര്‍ത്തുന്നതിനെതിരെ പല ലീസ്‌ഹോള്‍ഡര്‍മാരും അടുത്തിടെ പരാതികള്‍ നല്‍കിയിരുന്നു.അതുപോലെ കെട്ടിടത്തിന്റെ പൊതുയിടങ്ങള്‍ റിപ്പയര്‍ ചെയ്യുക എന്ന പേരില്‍ വന്‍തുകകളും പലയിടങ്ങളിലും ഫ്രീഹോള്‍ഡര്‍മാര്‍ ആവശ്യപ്പെടാറുണ്ട്.
© Copyright 2023. All Rights Reserved