തെക്ക് വടക്കിന്റെ നാലാമത്തെ ഇൻട്രോ വീഡിയോ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. വിനായകന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും മാനറിസങ്ങളാണ് ടീസറിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
-------------------aud--------------------------------
സംവിധാനം നിർവഹിക്കുന്നത് പ്രേംശങ്കറാണ്. ജെല്ലിക്കെട്ടിന്റെയും നൻപകൽ നേരത്ത് മയക്കത്തിന്റെയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ എസ് ഹരീഷിന്റെ രചനയിലുള്ള സിനിമയാണ് തെക്ക് വടക്കും. സംവിധായകൻ അൻവർ റഷീദിന്റെ ബ്രിഡ്‍ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്‍മത്ത്, വലിയപെരുന്നാൾ എന്നിവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ളവയുടെ എഡിറ്ററായ കിരൺ ദാസാണ് തെക്ക് വടക്കിന്റെയും ചിത്രസംയോജനം. മിന്നൽ മുരളി, ആർഡിഎക്സ് തുടങ്ങിയ സിനിമകളുടെ സഹനിർമ്മാതാവായ അൻജ ഫിലിപ്പും ഒടിയൻ സിനിമയുടെ സംവിധായകനും പരസ്യ ബ്രാൻഡിങ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി രൂപീകരിച്ച സിനിമാ നിർമ്മാണ സംരംഭത്തിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്. വിനായകന്റേയും സുരാജിന്റെയും മുഖരൂപം, ശരീരഭാഷ തുടങ്ങിയവയാണ് നേരത്തെ പുറത്തുവിട്ടത്. ഇന്നത്തെ നാലാമത്തേതു മുതൽ തെക്ക് വടക്ക് സിനിമയിലെ യഥാർത്ഥ ലൊക്കേഷനുകളും സംഭവങ്ങളുമാണ്. ബംഗാളി നായർ എന്ന ഒരു കഥാപാത്രത്തിന്റെ ചായക്കടയിലാണ് ഇന്ന് പുറത്തുവിട്ട പുതിയ ടീസറിലെ സംഭവമെന്ന് നിർമാതാക്കൾ അഭിപ്രായപ്പെടുന്നു.
വൻ ഹിറ്റായി മാറിയ ജയിലറിനു ശേഷം വിനായകൻ ശ്രദ്ധേയമായ വേഷത്തിൽ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം എത്തുന്ന സിനിമയുടെ ആമുഖ വീഡിയോകൾ തമിഴ് പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. കെഎസ്ഇബി എഞ്ചിനീയറായി റിട്ടയേർഡായ മാധവനായി വിനായകനും അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിടുന്നു. ഇവർക്കിടയിൽ സംഭവിക്കുന്ന തമാശകളാണ് തെക്ക് വടക്ക് സിനിമയെന്ന് വ്യക്തമാകുന്നതാണ് ടീസറുകൾ.
© Copyright 2024. All Rights Reserved