രോഗബാധയേറ്റവരിൽ പത്തിൽ ഒൻപത് പേർക്കും മരണമുറപ്പാക്കുന്ന മാർബർഗ് എന്ന അതിക്രൂരനായ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നു. ആഫ്രിക്കയിൽ ഇപ്പോൾ പടർന്ന് പിടിക്കുകയാണ്, എബോളക്ക് സമാനമായ ഈ വൈറസ് എന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ള രോഗകാരികളിൽ വെച്ച് ഏറ്റവും മാരകങ്ങളായവയിൽ ഒന്നാണിതെന്നാണ് കണക്കാക്കുന്നത്. ഇതുവരെ ഏകദേശം 10 പേരുടെ മരണത്തിനിടയായ റുവാണ്ടയിൽ ഏതാണ്ട് 300 ഓളം പേരെ ഈ വൈറസ് ബാധിച്ചു എന്ന സംശയത്തിൽ നിരീക്ഷണ വിധേയരാക്കിയിരിക്കുകയാണ്.
-------------------aud--------------------------------
കൂടുതൽ റിപ്പൊർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് എത്താൻ തുടങ്ങിയതോടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്ന ജീവനക്കാരുടെ കാര്യത്തിൽ അതീവ നിരീക്ഷണം പുലർത്തണമെന്ന നിർദ്ദേശം വ്യപാര - വ്യവസായ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ ആരോഗ്യ വകുപ്പ് അധികൃതർ. അതീവ ആശങ്കയുയർത്തുന്ന് സാഹചര്യം എന്നായിരുന്നു നേരത്തെ ലോകാരോഗ്യ സംഘടന ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഇത് പടരാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞിരുന്നു. കണ്ണുകൾ ചുവന്ന് വീർത്ത്, കണ്ണിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം കഴിഞ്ഞ വർഷം ടാൻസാനിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടുകൾ പുറത്തു വരാൻ തുടങ്ങിയതോടെ എന്താണ് മാർബർഗ്? അത് എങ്ങനെയാണ് വ്യാപിക്കുന്നത്? ഇത് വ്യാപിക്കുന്നത് തടയുന്നതെങ്ങിനെ? ഇതിന് ചികിത്സയുണ്ടോ? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത് . മനുഷ്യനും, ആധുനിക ശാസ്ത്രത്തിനും അറിവുള്ളതിൽ വെച്ച് ഏറ്റവും മാരകങ്ങളായ രോഗകാരികളിൽ ഒന്നാണ് മാർബർഗ്. രോഗം ബാധിച്ചവരും അതുമൂലം മരണമടഞ്ഞവരും തമ്മിലുള്ള അനുപാതം സി എഫ് ആർ 88 ശതമാനമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രോഗം പിടിപെടുന്ന പത്ത് പേരിൽ ഒൻപത് പേരും മരണമടയാനാണ് സാധ്യത. എന്നിരുന്നാൽ പോലും ശരാശരി സി എഫ് ആർ 50 ശതമാനത്തോളം വരും എന്നാണ് വിദഗ്ധർ പറയുന്നത്. അതായത്, എബോളക്ക് തുല്യമായ മരണ നിരക്കാണ് മാർബർഗിനും എന്നർത്ഥം. ഈ രോഗം ബാധിച്ചവരിൽ പകുതിയോളം പേർ മരണമടയും. കോവിഡ് ഏറ്റവും മാരകമായിരുന്ന ആരംഭകാലത്ത് പോലും സി എഫ് ആർ അഥവാ, കോവിഡ് മൂലം മരണമടയുന്നവരുടെ നിരക്ക്, രോഗം ബാധിച്ചവരുടെ മൂന്ന് ശതമാനം മാത്രമായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ്, എത്ര ഭീകരനാണ് മർബർഗ് എന്ന് മനസ്സിലാകുക. ഈ വൈറസിനെ തടയുവാനോ, ചികിത്സിക്കുവാനോ അംഗീകൃത വാക്സിനുകൾ ഒന്നും തന്നെ നിലവിലില്ല. എന്നാൽ, ഇക്കാര്യത്തിൽ ധൃതഗതിയിലുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അവയിൽ ചിലത് റുവാണ്ടയിലെ ചില രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടതായ റിപ്പോർട്ടുകളും ഉണ്ട്. നേരത്തെ എബോള വ്യാപന സമയത്ത് പരീക്ഷിച്ച റിംഗ് വാക്സിനേഷൻ മാതൃകയാണ് ഇതിലും തുടരുന്നത്. ഇത് പിൻപറ്റി ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച മാർബർഗ് വാക്സിൻ ബ്രിട്ടനിൽ 46 പേരിൽ പരീക്ഷിച്ചെങ്കിലും ഇതിന്റെ ഫലം പുറത്തു വിട്ടിട്ടില്ല.മാർബർഗ് ബാധിച്ചവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ജർമ്മനിയിലെ ഹാംബർഗ് റെയിൽവേ സ്റ്റേഷൻ മണിക്കൂറുകളോളം അടച്ചിട്ടു. എമർജൻസി ജീവനക്കാർ എത്തിയ ഉടനെ യാത്രക്കാരെ സുരക്ഷാ സന്നാഹങ്ങളോടെ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഒഴിപ്പിക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved