പൊലീസ് സ്റ്റേഷനിൽ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സ്വീകരിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂർ എസ്‌ഐ ആയിരുന്ന സി അലവി നൽകിയ റിവിഷൻ പെറ്റീഷൻ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.
-------------------aud-----------------------------
ഹർജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിർവഹണവും തമ്മിൽ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിേപിച്ചെന്ന പരാതിയിൽ 2008 ജൂലൈയിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്‌ഐ മർദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനിൽ കോൺസ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മർദ്ദനം തടയാൻ ശ്രമിച്ചു. ഗർഭിണിയായ സഹോദരിയെയും മർദ്ദിച്ചെന്നും കേസിൽ പറയുന്നു. യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും, അന്വേഷണം നടത്തിയ ഡിവൈഎസ്പി വ്യാജ കേസാണ് ഇതെന്ന് റിപ്പോർട്ട് നൽകി. തുടർന്ന് നൽകിയ സ്വകാര്യ അന്യായത്തിലാണ് എസ്‌ഐക്കെതിരെ കേസെടുക്കാൻ നിലമ്പൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാൽ കൃത്യനിർവഹണത്തിനിടെയുള്ള സംഭവമായിരുന്നു ഇതെന്നാണ് എസ്‌ഐ വാദിച്ചത്. സർക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകൂ എന്നും ഹർജിക്കാരൻ വാദിച്ചു. ഇതു മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകിയത്.
© Copyright 2024. All Rights Reserved