കായികതാരങ്ങൾ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പ്രതിപക്ഷ നേതാവിന്റെ കത്ത്. സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയിൽ മനംമടുത്താണ് താരങ്ങൾ കേരളം വിടുന്നതെന്ന് കത്തിൽ വിഡി സതീശൻ . രാജ്യാന്തര ബാഡ്മിന്റൻ താരം എച്ച്എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിൾ ജംപ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവരാണ് കേരളം വിടുന്നെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കായിക മേഖലയെ തളർത്തുമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് മെഡൽ നേടിയിട്ടും കേരള സർക്കാരിൽ നിന്ന് നല്ല വാക്കോ അഭിനന്ദനമോ കായിക താരങ്ങൾക്കുണ്ടാകുന്നില്ലെന്ന് ഈ താരങ്ങൾ ആരോപിക്കുന്നതായി കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാർ പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങൾ പല താരങ്ങൾക്കും ഇതുവരെ കിട്ടിയിട്ടില്ല. അഞ്ച് വർഷത്തിലധികമായി ജോലിക്കു വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന നിരവധി കായികതാരങ്ങളുണ്ട്. കേരളത്തിന് വേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടിൽ ചുവടുറപ്പിച്ച് നിൽക്കുന്നതും അഭിമാനമായി കാണുന്ന കായിക താരങ്ങളെ സംസ്ഥാന സർക്കാർ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു. രാജ്യത്തിനു വേണ്ടി മെഡൽ നേടിയ കായിക താരങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന്റെ തന്നെ അഭിമാനമായ മലയാളി കായികതാരങ്ങൾ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സർക്കാർ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങളും ഉടൻ നൽകാനുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണം. ഈ മാസം ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിന് രാജ്യാന്തര അത്‌ലറ്റുകളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും കേരളത്തിനു വേണ്ടി കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കോമണൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ താരങ്ങൾക്ക് ഒരു അഭിനന്ദന സന്ദേശം പോലും ലഭിച്ചിരുന്നില്ല. ഒളിമ്പിക്സിന് മത്സരിക്കണമെങ്കിൽ സാമ്പത്തിക സഹായം വേണം. ഇതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കണമെന്നതാണ് സ്ഥിതി. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനിൽ നിന്ന് എൻഓസി വാങ്ങി തമിഴ്നാട്ടിലേക്കോ ഒഡീഷയിലേക്കോ മാറുമെന്നാണ് താരങ്ങൾ പറയുന്നത്. അതെസമയം ഈ വിഷയത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സൂചിപ്പിക്കുന്ന പ്രതികരണമാണ് കായികമന്ത്രി വി അബ്ദുറഹ്മാൻ നടത്തിയിരിക്കുന്നത്. കായിക വകുപ്പിന് പാരിതോഷികം പ്രഖ്യാപിക്കാൻ കഴിയില്ല. മന്ത്രിസഭയാണ് അത് പ്രഖ്യാപിക്കേണ്ടത്. കേരളത്തിൽ മന്ത്രിസഭയാണ് പാരിതോഷികം പ്രഖ്യാപിക്കുക. എല്ലാക്കാലത്തും ഇങ്ങനെയാണ് ചെയ്യാറുള്ളത്. താരങ്ങൾ തിരിച്ചെത്തിയാലുടൻ മന്ത്രിസഭ ചേർന്ന് പാരിതോഷികം പ്രഖ്യാപിക്കും. എച്ച്എസ് പ്രണോയിയോടും പിതാവിനോടും താൻ സംസാരിച്ചതായും, പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
© Copyright 2023. All Rights Reserved