ഒഫ്ജെമ്മിന്റെ പുതിയ പ്രൈസ് ക്യാപ് അനുസരിച്ച് ഊർജ്ജ ബില്ലിൽ 293 പൗണ്ട് വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഒ വി ഒ, ഇ ഡി എഫ്, ഇ കോൺ, ഒക്ടോപസ് ഉപഭോക്താക്കൾക്ക് ഊർജബിൽ പ്രതിവർഷം 1928 പൗണ്ട് എന്നതിൽ നിന്നും ഏപ്രിൽ 1 മുതൽ പ്രതിവർഷം 1,635 പൗണ്ടായി കുറയും. അതായത് നിലവിലെ ശരാശരി ബിൽ തുകയിൽ നിന്നും 15 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക.
കുറഞ്ഞ ഊർജ്ജ ബിൽ പല കുടുംബങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിക്ക് വലിയൊരു അളവു വരെ പരിഹാരമാകുമെന്ന് എനർജി സേവിംഗ് ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് മൈക്ക് തോൺടൺ പറയുന്നു. എന്നാൽ, തികച്ചും അസ്ഥിരമായ അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധനവും ഉണ്ടാകാൻ ഇടയുള്ളതിനാൽ ബ്രിട്ടനിലെ ഊർജ ബിൽ നിരക്കുകൾ കൂടിയും കുറഞ്ഞുമിരിക്കാൻ സാധ്യതയുണ്ട്.
അതേസമയം, യു കെ യിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് വിലയിലുണ്ടാകുന്ന മാറ്റങ്ങൾ പൊതുജനങ്ങളെ ബാധിക്കാതിരിക്കുന്നതിനുള്ള മാർഗ്ഗം എന്ന അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്. ആളുകൾ കുറച്ച് ഊർജ്ജം ഉപയോഗിക്കുന്ന തരത്തിലുള്ള പിന്തുണ നൽകുക എന്നതാണ് ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം. ലോ കാർബൺ ഹീറ്റിംഗ് പ്രോത്സാഹിപ്പിക്കുക, യു കെയിലെ പാരമ്പര്യേതര ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ട്.
© Copyright 2023. All Rights Reserved