നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ എം.പി. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരളസദസ്സിൽ പോയി ചായ കുടിക്കുന്നവർ കോൺഗ്രസ് അല്ലെന്നും അങ്ങനെയുള്ളവർ പാർട്ടിയിൽ വേണ്ടെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കുവേണ്ടി ഗുണ്ടാ പണി എടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോ ദിവസവും വഷളാകുകയാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. കുട്ടികളെ വഴിയിൽ നിർത്തുന്നതും ആളെയെത്തിക്കാൻ സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നതും തുടരുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നതിൻ്റെ പേരിൽ കരുതൽ തടങ്കൽ പാടില്ലാത്തതാണ്. മുഖ്യമന്ത്രിക്ക് പോലീസിൽ വിശ്വാസം ഇല്ല. ഗുണ്ടാ സംഘങ്ങളുമായാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. ചില പോലീസുകാരും ഗുണ്ടാ പണി എടുക്കുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കാൻ മാധ്യമങ്ങളുടെ പ്രവർത്തനം സഹായിച്ചെന്ന് മുരളീധരൻ പറഞ്ഞു. വിഷയത്തെ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ അവതരിപ്പിക്കാനും പോലീസ് അന്വേഷണം കാര്യക്ഷമമാക്കാനും മാധ്യമങ്ങൾ സഹായിച്ചു. അന്വേഷണ സഹായകമാകുന്ന വിധത്തിലാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിച്ചത്. ഇല്ലെങ്കിൽ ഇതൊരു ഒറ്റപ്പെട്ടവിഷയമായി പോകുമായിരുന്നു. മുഴുവൻ മാധ്യമങ്ങളെയും അഭിനന്ദിക്കുന്നെന്നും മുരളീധരൻ പറഞ്ഞു.
© Copyright 2023. All Rights Reserved